---
title: "പ്ലാസ്റ്റിക്ക് കുപ്പിക്കട്ടകൾകൊണ്ട് വിശ്രമബെഞ്ചൊരുക്കി മൂത്തേടത്ത് എൻ എസ് എസ്"
english_title: "moothedath nss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23046/moothedath-nss"
published_at: "2022-01-28T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f375447b252_3aa17b7e-fcd1-4bd4-87d5-96e26ced7c49.jpg"
keywords: []
---

# പ്ലാസ്റ്റിക്ക് കുപ്പിക്കട്ടകൾകൊണ്ട് വിശ്രമബെഞ്ചൊരുക്കി മൂത്തേടത്ത് എൻ എസ് എസ്

> **Lead Summary:** **തളിപ്പറമ്പ: **പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിന് വേറിട്ട മാതൃകയുമായി തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ . വീടുകളിലും പരിസരങ്ങളിലും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് അവ കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കുപ്പികളിൽ കുത്തി നിറച്ചാണ് പ്ലാസ്റ്റിക്ക് കുപ്പിക്കട്ടകൾ അഥവാ ഇക്കോ ബ്രിക്കുകൾ ഇവർ നിർമ്മിക്കുന്നത്.

## Article Content

**തളിപ്പറമ്പ: **പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിന് വേറിട്ട മാതൃകയുമായി തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ . വീടുകളിലും പരിസരങ്ങളിലും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് അവ കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കുപ്പികളിൽ കുത്തി നിറച്ചാണ് പ്ലാസ്റ്റിക്ക് കുപ്പിക്കട്ടകൾ അഥവാ ഇക്കോ ബ്രിക്കുകൾ ഇവർ നിർമ്മിക്കുന്നത്.

> "എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം" എന്ന സന്ദേശം നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാരിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് പ്ലാസ്റ്റിക്ക് കുപ്പിക്കട്ടകളുടെ നിർമ്മാണം ആരംഭിച്ചത്.ഒരു ലിറ്റർ കുപ്പിയിൽ 300 മുതൽ 350 ഗ്രാം വരെ പ്ലാസ്റ്റിക്ക് മാലിന്യം നിറക്കാൻ സാധിക്കും .

ഒരു വളണ്ടിയർ 5 എണ്ണം എന്ന നിലയിൽ ആദ്യ ഘട്ടത്തിൽ 500 കുപ്പിക്കട്ടകൾ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. ഇതുവഴി 175 കിലോഗ്രാം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഇതിനകം മൂത്തേടത്തെ എൻ എസ് എസ് വളണ്ടിയർമാർ കുപ്പിക്കട്ടകളാക്കി മാറ്റി കഴിഞ്ഞു . വളണ്ടിയർമാർ തങ്ങളുടെ വീടുകളിൽ നിന്നും അടുത്ത വീടുകളിൽ നിന്നും സ്കൂൾ പരിസരത്തു നിന്നും ശേഖരിച്ച മിഠായി കടലാസ്, ക്യാരി ബാഗുകൾ, പാൽ കവറുകൾ തുടങ്ങി വിവിധ തരത്തിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് കുപ്പിക്കട്ടകൾ തയ്യാറാക്കിയിരിക്കുന്നത്.

ഇത്തരത്തിൽ നിർമ്മിച്ച 320 കുപ്പിക്കട്ടകൾ ഉപയോഗിച്ചാണ് സ്കൂൾ പരിസരത്തെ മാവിനു ചുറ്റും വളണ്ടിയർമാർ വിശ്രമ ബെഞ്ച് സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പിക്കട്ടകളുടെ നിർമ്മാണത്തിന് മറ്റു വിദ്യാർത്ഥികൾക്കും പരിശീലനം നല്കാനാണ് മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് ലക്ഷ്യമിടുന്നത്.

മണ്ണിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിനടിയിലൂടെയുള്ള സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുമെന്നും ഇത്തരം പ്ലാസ്റ്റിക്ക് ശേഖരിച്ച് കുപ്പിക്കട്ടകളാക്കുന്നതിലൂടെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തോടൊപ്പം പ്രകൃതി സംരക്ഷണവുമാണ് ലക്ഷ്യമിടുന്നതെന്ന് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്നമോൾ പറഞ്ഞു. വളണ്ടിയർമാരായ പി.വി. അമൽ രാജ്, എം.അഭയ് , സായൂജ് ആർ നാഥ്, എ. നിവേദ് രവീന്ദ്രൻ, ശാശ്വത് ദാസ്, അർജുൻ ദാസ്, അലോക് രമേശ് എന്നിവർ വിശ്രമ ബെഞ്ച് സ്ഥാപിക്കാൻ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23046/moothedath-nss)