---
title: "സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്"
english_title: "Hema committee report "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229482/hema-committee-report"
published_at: "2024-08-19T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c31f33ca281_Untitled-2-web.jpg"
keywords: []
---

# സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

> **Lead Summary:** മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോ​ഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർ‌ട്ട്.

## Article Content

മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോ​ഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർ‌ട്ട്.

ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. വിട്ടുവീഴ്ച ചെയ്യാൻ‌ തായാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ടെത്തി. 233 പേജുകളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിൽ ജണ്ടർ ജസ്റ്റിസ് ഉറപ്പാക്കണമെന്ന് റിപ്പോർ‌ട്ടിൽ പറയുന്നു.

സെറ്റിൽ ഇതിനായി ഇടനിലക്കാരുണ്ടെന്നും റിപ്പോർട്ട്. സ്ത്രീകളെ സ്‌ക്രീനിൽ ചിത്രീകരിക്കുന്നതിൽ വലിയ പ്രശ്നം. സിനിമാ ലൊക്കേഷനിൽ വൾഗർ കമന്റ്സ് നേരിടുന്നു. സിനിമാ മേഖലയിൽ പുറംമൂടി മാത്രമേയുള്ളൂ. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും അടക്കം നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർ‌ട്ട്.

ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാർ ടോർച്ചറിനു വിധേയരാകുന്നു. മദ്യം മയക്കുമരുന്ന് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറുന്നു. വേതനത്തിൽ വിവേചനം നേരിടുന്നുണ്ടെന്നും റിപ്പോർ‌ട്ടിൽ പറയുന്നു. താരങ്ങളെ ബഹുമാനിക്കാത്തവരെ സിനിമാ മേഖലയിൽ നിന്നും വിലക്കുന്നുവെന്ന് റിപ്പോർ‌ട്ടിൽ വെളിപ്പെടുത്തൽ.

ആർത്തവ സമയത്ത് സ്ത്രീകൾ അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു.ശുചിമുറി പോലും ലഭിക്കുന്നില്ല. തങ്ങളെ വിലക്കിയെന്ന് പ്രമുഖ നടിമാർ പോലും മൊഴി നൽകി. കാര്യങ്ങൾ തുറന്ന് പറയുന്നവർക്ക് മോശം അനുഭവമാമെന്നും പലർക്കും ഭയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞാൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ പറയുന്നു.

സ്ത്രീകൾക്ക് ഒറ്റയ്ക്ക് ലൊക്കേഷനിൽ പോകാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടിൽ‌ പറയുന്നു. പരാതിപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുമെന്നും നടിമാരുടെ മൊഴി. ലൈംഗിക പീഡനങ്ങൾ ഉണ്ടായാലും പോലീസിൽ പരാതിപ്പെടുന്നില്ല. തൊഴിൽ വിലക്കുണ്ടാകുമെന്ന് ഭയപ്പെട്ടാണ് പരാതിപ്പെടാതിരുന്നതെന്ന് റിപ്പോർട്ട്. ലഹരിയും ലൈഗികതയും മലയാള സിനിമയിൽ നിറയുന്നു. ആൺ താരങ്ങൾ അധികാരം ദുരുപയോഗിക്കുന്നു. അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമയെന്ന് റിപ്പോർട്ട്. കാമസസ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, പുറത്ത് വന്ന ഒന്ന് മാത്രമെന്നും റിപ്പോർട്ടിൽ‌ പറയുന്നു. ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ തന്നെ മൊഴി നൽകിയതാതായി ഹേമ കമ്മിറ്റി റിപ്പോർട്ട്. പക്ഷെ ഈ അവസ്ഥ മാറ്റാനാകില്ലെന്നും ആൺ താരങ്ങൾ കമ്മിറ്റിയോട് പറഞ്ഞു. ലൈംഗിക ചിത്രങ്ങൾ അടങ്ങുന്ന തെളിവുകൾ കമ്മറ്റിക്ക് മുന്നിലുണ്ട്, ലൈംഗിക അവയവങ്ങളുടെ ഫോട്ടോകൾ നടിമാർക്ക് അയച്ചു നൽകുന്നുണ്ടെന്നും താല്പര്യത്തിന് വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും റിപ്പോർട്ട് കണ്ടെത്തൽ . ഇങ്ങനെ 14 ഷോട്ടുകൾ വരെ എടുപ്പിച്ചു എന്ന് കമ്മീഷന് മൊഴി നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229482/hema-committee-report)