---
title: "കെഎസ്ആർടിസി ബസ്സിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു"
english_title: "ksrtc ticket machine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22877/ksrtc-ticket-machine"
published_at: "2022-01-27T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f235664ccaa_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# കെഎസ്ആർടിസി ബസ്സിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

> **Lead Summary:** കെഎസ്ആർടിസി ബസിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. ബസുകളിൽ പുതുതായി വിതരണം ചെയ്ത മെഷീനുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് തിരുവന്തപുരത്തേക്ക് പോയ എടിസി 258 എന്ന ബത്തേരി ബസിലെ ഇടിഎം ആണ് ഇന്ന് രാവിലെ എട്ട് മണിയോടെ പൊട്ടിത്തെറിച്ചത്.

## Article Content

കെഎസ്ആർടിസി ബസിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. ബസുകളിൽ പുതുതായി വിതരണം ചെയ്ത മെഷീനുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് തിരുവന്തപുരത്തേക്ക് പോയ എടിസി 258 എന്ന ബത്തേരി ബസിലെ ഇടിഎം ആണ് ഇന്ന് രാവിലെ എട്ട് മണിയോടെ പൊട്ടിത്തെറിച്ചത്.

ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെയാണ് ബസ് ബത്തേരിയിലെത്തിയത്. തുടർന്ന് ടിക്കറ്റ് മെഷീൻ ബർത്തിൽ വെച്ച ശേഷം കിടന്നുറങ്ങുകയായിരുന്ന കണ്ടക്ടർ അഹമ്മദ് പൊട്ടിത്തെറി ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് മെഷീൻ കത്തുന്നത് കണ്ടത്. ഇത് അധികൃതരെ അറിയിക്കാൻ പുറത്തേക്ക് പോയ സമയത്ത് വീണ്ടും മെഷീൻ പൊട്ടിത്തെറിക്കുകയായിരുന്നു.

മൈക്രോ എഫ് എക്സ് കമ്പനിയുടെ മെഷീനാണ് പൊട്ടിത്തെറിച്ചത്. ഇത്തരം 5000 മെഷീനുകൾ വാങ്ങാനാണ് കോർപ്പറേഷൻ പദ്ധതിയിട്ടിട്ടുള്ളത്. ഒരു എടിഎമ്മിന് 14,000 രൂപ നിരക്കിൽ വാങ്ങുന്ന മെഷീനാണ് പൊട്ടിത്തെറിച്ചത്. തിരുവനന്തപുരം ഡിപ്പോയിൽ വിതരണം ആരംഭിച്ച ഈ മെഷിൻ പർച്ചേസുമായി ബന്ധപ്പെട്ട് നേരത്തേ അഴിമതി ആരോപണം ഉയർന്നിരുന്നു.

നാലു വർഷത്തെ കാലാവധിയിൽ തകരറിലാകുന്ന മെഷീനുകൾ കമ്പനി തന്നെ പരിഹരിച്ചു നൽകുമായിരുന്നു. എന്നാൽ കരാർ കാലാവധി കഴിഞ്ഞതോടെ കമ്പനി മെഷീനുകൾ നന്നാക്കാത്ത അവസ്ഥ വന്നു. ചെറിയ തകരാർ ആണെങ്കിലും മെഷീൻ അഴിച്ച് പരിശോധിക്കാൻ ജീവനക്കാർക്ക് അധികാരം ഇല്ല.

ഇതോടെ തകരാറിലാകുന്ന മെഷീനുകൾ ഉപയോഗശൂന്യമായി. ഇതിനിടയിലാണ് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ സൗജന്യമായി നൽകാമെന്ന് പറഞ്ഞ ഇടിഎം വേണ്ടെന്ന് വെച്ച് അധികൃതർ മെക്രോ എഫ് എക്സ് കമ്പനിയുടെ മെഷീൻ വാങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22877/ksrtc-ticket-machine)