---
title: "സുൽത്താൻ കനാൽ നാശത്തിന്റെ വക്കിൽ:  ഭീതിയിൽ പരിസരവാസികൾ"
english_title: "sulthan kanal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22424/sulthan-kanal"
published_at: "2022-01-24T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee7132cfe1a_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# സുൽത്താൻ കനാൽ നാശത്തിന്റെ വക്കിൽ:  ഭീതിയിൽ പരിസരവാസികൾ

> **Lead Summary:** കോവളം മുതൽ മഞ്ചേശ്വരംവരെ കേരളത്തിന് നടുവിലൂടെ ഒരു ജലപാതയെന്നത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വലിയ സ്വപ്നമായിരുന്നു. ഈ സ്വപ്നത്തിൽ സുൽത്താൻ തോടിനും വലിയ ഇടമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സുൽത്താൻ തോട് പലയിടങ്ങളിലും വലിയ കരയിടിച്ചിൽ ഭീഷണിയിലാണ്.

## Article Content

കോവളം മുതൽ മഞ്ചേശ്വരംവരെ കേരളത്തിന് നടുവിലൂടെ ഒരു ജലപാതയെന്നത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വലിയ സ്വപ്നമായിരുന്നു. ഈ സ്വപ്നത്തിൽ സുൽത്താൻ തോടിനും വലിയ ഇടമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സുൽത്താൻ തോട് പലയിടങ്ങളിലും വലിയ കരയിടിച്ചിൽ ഭീഷണിയിലാണ്.

കഴിഞ്ഞ ജൂലായ് 21-ന് വാടിക്കൽ കടവിന് സമീപത്തെ തോട് കാലവർഷവേളയിൽ ഇടിഞ്ഞിരുന്നു. അത് താത്കാലികമായി ശരിയാക്കിയിട്ടുണ്ട്. എന്നാൽ ഇതിനടുത്തുതന്നെയുള്ള പാർശ്വഭിത്തിയുടെ മുകൾഭാഗം തള്ളിയനിലയിലാണുള്ളത്. ഏതുസമയവും മറിഞ്ഞുവീഴാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരത്തിൽ തോടിന്റെ പല ഭാഗത്തും വിള്ളലുകൾ കാണുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ എന്തെങ്കിലും പരിഹാരമുണ്ടാക്കിയില്ലെങ്കിൽ തോടിന്റെ നാശത്തോടൊപ്പം പരിസരവാസികൾക്കും ഭീഷണിയാകും. തോടിന്റെ ഇരുകരകളിലും നിരവധി കുടുംബങ്ങളാണ് വീടുവെച്ച് താമസിക്കുന്നത്.

ഭാരക്കൂടുതലുള്ള ഏതെങ്കിലും വാഹനം കടന്നുപോകുന്നതുതന്നെ തോടിന്റെ പാർശ്വഭിത്തി മറിഞ്ഞുവീഴാനുള്ള സാധ്യത കൂട്ടുന്നു. പ്രധാന ജലപാതയായ സുൽത്താൻതോടിനെ അതിന്റെ പഴയ പ്രൗഡിയോടെ നിലനിർത്തണമെങ്കിൽ നാല് കിലോമീറ്റർ ദൈർഘ്യമുള്ള പാർശ്വഭിത്തിയിൽ അപകടഭീഷണിയായി മാറിയിട്ടുള്ള സ്ഥലങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നന്നാക്കിയെടുക്കണമെന്നതാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22424/sulthan-kanal)