---
title: "ഓണത്തിന് എ ഐ വൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും"
english_title: "Free kits will be distributed to a i y group"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222516/free-kits-will-be-distributed-to-a-i-y-group"
published_at: "2024-07-24T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0b9d4212e0_Untitled-2-web.jpg"
keywords: []
---

# ഓണത്തിന് എ ഐ വൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും

> **Lead Summary:** **തിരുവനന്തപുരം :** ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19വരെ നടക്കും. ഓണത്തിന് എഐവൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും. സ്‌പെഷ്യല്‍ പഞ്ചസാര വിതരണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണാഘോഷ പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി.

## Article Content

**തിരുവനന്തപുരം :** ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19വരെ നടക്കും. ഓണത്തിന് എഐവൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും. സ്‌പെഷ്യല്‍ പഞ്ചസാര വിതരണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണാഘോഷ പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി.

ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്‌സിഡി വിപണികള്‍ ആരംഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാര്‍ക്കറ്റുകളും ആരംഭിക്കും. ആവശ്യമായ പച്ചക്കറികള്‍ പരമാവധി കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

എഎവൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈക്കോ ഓണത്തിനുമുമ്പ് വിതരണം ചെയ്യും. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിപണിയിലില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കും. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉല്‍പന്നങ്ങള്‍/പാക്കറ്റുകള്‍ പരമാവധി നിരുത്സാഹപ്പെടുത്തും.

എല്ലാ കടകളിലും ഓണച്ചന്തകളിലും തുണിസഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍ മുതലായവ ഉണ്ടെന്ന് ഉറപ്പാക്കണം. ദിവസവും ഉല്‍പാദിപ്പിക്കപ്പെടുന്ന ജൈവ, അജൈവ മാലിന്യങ്ങള്‍ അതത് ദിവസം നീക്കം ചെയ്യാനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, ജി ആര്‍ അനില്‍, എം ബി രാജേഷ്, പി പ്രസാദ്, വി ശിവന്‍കുട്ടി, വി അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ഡോ വി വേണു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222516/free-kits-will-be-distributed-to-a-i-y-group)