---
title: "കർണാടകയിൽ മണ്ണിടിച്ചിലിൽ പെട്ട അർജുൻ ലോറിക്കൊപ്പം മണ്ണിനടിയിലുണ്ടാകുമോ? ഇടപെട്ട് മുഖ്യമന്ത്രി, തിരച്ചിൽ ഊർജിതം"
english_title: "Will Arjun be buried with Lori in the landslide in Karnataka"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/221226/will-arjun-be-buried-with-lori-in-the-landslide-in-karnataka"
published_at: "2024-07-19T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a4c20c9dda_Untitled-2-web.jpg"
keywords: []
---

# കർണാടകയിൽ മണ്ണിടിച്ചിലിൽ പെട്ട അർജുൻ ലോറിക്കൊപ്പം മണ്ണിനടിയിലുണ്ടാകുമോ? ഇടപെട്ട് മുഖ്യമന്ത്രി, തിരച്ചിൽ ഊർജിതം

> **Lead Summary:** **അങ്കോള: **കർണാടകയിലെ അങ്കോളയിൽ അപടകത്തിൽപെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാല് ദിവസമായിട്ടും വിവരമില്ല. മണ്ണിടിച്ചിലിൽപ്പെട്ട ലോറി ഡ്രൈവറായ അർജുൻ, ലോറിക്കൊപ്പം മണ്ണിനടിയിൽ ഉണ്ടാകുമെന്നാണ് നിഗമനം. അർജുൻ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തെരച്ചിൽ മന്ദഗതിയിലായിരുന്നു.

## Article Content

**അങ്കോള: **കർണാടകയിലെ അങ്കോളയിൽ അപടകത്തിൽപെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാല് ദിവസമായിട്ടും വിവരമില്ല. മണ്ണിടിച്ചിലിൽപ്പെട്ട ലോറി ഡ്രൈവറായ അർജുൻ, ലോറിക്കൊപ്പം മണ്ണിനടിയിൽ ഉണ്ടാകുമെന്നാണ് നിഗമനം. അർജുൻ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തെരച്ചിൽ മന്ദഗതിയിലായിരുന്നു.

സംഭവത്തിൽ അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറും വിഷയത്തിൽ കർണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് മുക്കം സ്വദേശി അര്‍ജുനെയാണ് കാണാതായത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അർജുൻ.അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാൻ ഇറങ്ങിയവർ അപകടത്തിൽപ്പെട്ടിരുന്നതായും പ്രദേശവാസികൾ പറഞ്ഞിരുന്നു. വാഹനത്തിന്റെ ജിപിഎസ് സിഗ്നൽ അവസാനമായി ലഭിച്ചത് മണ്ണിടിച്ചിൽ നടന്നയിടത്താണ്. വണ്ടിയുടെ എൻജിൻ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്.

ലോറി എസി ആയതിനാൽ മണ്ണ് ഉള്ളിലേക്ക് കയറാനിടയില്ല. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ ലോറിയും അർജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പതിനാറാം തീയതി വീട്ടിലെത്തേണ്ടതായിരുന്നു അർജുൻ. എന്നാൽ അന്നാണ് യാത്രാമധ്യേ അങ്കോളയിൽ മണ്ണിടിച്ചിലുണ്ടായത്. അർജുനെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾ ശ്രമിച്ചപ്പോൾ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ ഇടയ്ക്ക് രണ്ട് തവണ ഫോൺ റിങ് ചെയ്‌തെങ്കിലും അർജുൻ ഫോൺ എടുത്തിരുന്നില്ല. അർജുൻ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കുടുംബവുമുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/221226/will-arjun-be-buried-with-lori-in-the-landslide-in-karnataka)