---
title: "ചൊർക്കള-മയ്യിൽ-കൊളോളം എയർ പോർട്ട് ലിങ്ക് റോഡ്  വികസനവുമായി ബന്ധപ്പെട്ട് യോഗം ചേർന്നു"
english_title: "Chorkala-Mayil-Kololam Airport Link Road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219110/chorkala-mayil-kololam-airport-link-road"
published_at: "2024-07-11T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f9c25b8cb1_Untitled-2-web.jpg"
keywords: []
---

# ചൊർക്കള-മയ്യിൽ-കൊളോളം എയർ പോർട്ട് ലിങ്ക് റോഡ്  വികസനവുമായി ബന്ധപ്പെട്ട് യോഗം ചേർന്നു

> **Lead Summary:** തളിപ്പറമ്പ്: ചൊർക്കള-മയ്യിൽ-കൊളോളം എയർ പോർട്ട് ലിങ്ക് റോഡ് ടെൻഡർ നടപടികൾ ഡിസംബറിൽ പൂർത്തിയാക്കും വിധം പ്രവർത്തനം വേഗത്തിലാക്കുമെന്ന് എം വി ഗോവിന്ദൻ എം എൽ എ പറഞ്ഞു. റോഡ് വികസനവുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത യോഗത്തിലാണ് പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിച്ചത്.

## Article Content

തളിപ്പറമ്പ്: ചൊർക്കള-മയ്യിൽ-കൊളോളം എയർ പോർട്ട് ലിങ്ക് റോഡ് ടെൻഡർ നടപടികൾ ഡിസംബറിൽ പൂർത്തിയാക്കും വിധം പ്രവർത്തനം വേഗത്തിലാക്കുമെന്ന് എം വി ഗോവിന്ദൻ എം എൽ എ പറഞ്ഞു. റോഡ് വികസനവുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത യോഗത്തിലാണ് പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിച്ചത്.

    ചൊർക്കള മുതൽ ചാലോട് വരെയുള്ള ഒന്നാമത്തെ ഭാഗവും തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ മുതൽ സർ സയ്യിദ് കോളേജ്- ഭ്രാന്തൻ കുന്ന് വരെയുള്ള രണ്ടാമത്തെ ഭാഗവും അടക്കം റോഡിന് 25.25 കിലോമീറ്റർ നീളമാണ് ഉള്ളത്. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെ വിലനിർണയം ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് കെ ആർ എഫ് ബി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

കാർഷിക വിളകളുടെ വില നിർണയവും പുരോഗമിക്കുന്നതായി കൃഷി വകുപ്പും വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കെ എസ് ഇ ബി ഉദ്യോഗസ്ഥരും പറഞ്ഞു. കാലവർഷം കഴിയുന്നതോടെ പൈപ്പ് മാറ്റിയിടൽ പൂർത്തിയാക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.

നഗര സഭാ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർ മാൻ കല്ലിങ്കിൽ പതമനാഭൻ, കുറുമത്തൂർ പ്രസിഡന്റ്‌  വി എം സീന, കുട്ട്യാട്ടൂർ പ്രസിഡന്റ്‌ പി പി റെജി, മയ്യിൽ പ്രസിഡന്റ്‌ എം വി അജിത, ആന്തൂർ നഗരസഭ ചെയർ മാൻ പി മുകുന്ദൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്‌ കുമാർ ടി കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത്, വാട്ടർ അതോറിറ്റി, കെ എസ് ഇ ബി, ഫോറെസ്റ്റ്, കൃഷി വകുപ്പുകളുടെ ഉദ്യോഗസ്ഥർ, മുനിസിപ്പൽ കൗൺസിലോർമാർ തുടങ്ങിയവർ പങ്കെടുത്തു. എം എം എ എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് മാസത്തോട് കൂടി മുഴുവൻ വില നിർണ്ണയ പ്രക്രിയകളും പൂർത്തിയാക്കാനും ഡിസംബർ മാസത്തോട് കൂടി ടെണ്ടർ നടപടികൾ പൂർത്തീകരിക്കാനും തീരുമാനിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219110/chorkala-mayil-kololam-airport-link-road)