---
title: "അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം;  സ്‌കൂളുകള്‍  അടച്ചിടും"
english_title: "covid-restrictions-in-kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21866/covid-restrictions-in-kerala"
published_at: "2022-01-20T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e9626747d6a_special card.jpg"
keywords: []
---

# അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം;  സ്‌കൂളുകള്‍  അടച്ചിടും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല.

 വരുന്ന രണ്ട് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

സമ്പൂർണ അടച്ചിടൽ എന്നോ ലോക്ക്ഡൗൺ എന്നോ വിശദീകരിക്കുന്നില്ല എങ്കിലും, പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ഉണ്ടാകും.

അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടാകൂ.മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനസർക്കാർ നിർദേശിക്കുന്നത്.

തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല.

ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങൾ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിന് അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.

കോളേജുകൾ അടയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. അൽപസമയത്തിനകം പൊതുഭരണവകുപ്പ് പുറത്തിറക്കുന്ന വിശദമായ ഉത്തരവിൽ എങ്ങനെയാണ് നിയന്ത്രണങ്ങളെന്ന് കൃത്യമായ മാർഗരേഖയുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായതിനാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21866/covid-restrictions-in-kerala)