---
title: "മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പ്രവൃത്തികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ"
english_title: "malanad river cruis project"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21845/malanad-river-cruis-project"
published_at: "2022-01-20T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e94b9631823_mv.jpg"
keywords: []
---

# മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പ്രവൃത്തികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** **തളിപ്പറമ്പ്:** മണ്ഡലത്തിൽ ഉൾനാടൻ ജലഗതാഗത വിഭാഗത്തിനു കീഴിൽ നടന്നു വരുന്ന മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പ്രവർത്തികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മണ്ഡലത്തിലെ ടൂറിസം പദ്ധതികളുടെ അവലോകനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ്:** മണ്ഡലത്തിൽ ഉൾനാടൻ ജലഗതാഗത വിഭാഗത്തിനു കീഴിൽ നടന്നു വരുന്ന മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പ്രവർത്തികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മണ്ഡലത്തിലെ ടൂറിസം പദ്ധതികളുടെ അവലോകനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ കുപ്പം പുഴയിൽ നിർമ്മിക്കുന്ന രണ്ട് ബോട്ട് ടെർമിനലുകളും,വളപട്ടണം പുഴയിൽ പ്രവർത്തി നടക്കുന്ന പറശ്ശിനിക്കടവ്, പാമ്പുരുത്തി, മുനമ്പുകടവ് എന്നീ സ്ഥലങ്ങളിൽ നടക്കുന്ന 5 ബോട്ട് ടെർമിനലുകളും, നിർമ്മാണം ആരംഭിക്കാൻ പോകുന്ന കാട്ടാമ്പള്ളി കടവും ഉൾപ്പെടെ 11.15 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 4.31 കോടി രൂപയുടെ പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ നിർമ്മാണം പൂർത്തിയായി.

ബാക്കിയുള്ള അനുബന്ധ പ്രവൃത്തികളായ ഫ്ലോട്ടിങ് ഓപ്പൺ മാർക്കറ്റ്, മാലിന്യ സംസ്കരണ സംവിധാനം എന്നിവയുടെ പ്രവൃത്തികൾ എത്രയും വേഗത്തിൽ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. 70.27 ലക്ഷം രൂപയുടെ മലപ്പട്ടം മുനമ്പുകടവ് ഐലൻഡ് , 70.51 ലക്ഷം രൂപയുടെ മലപ്പട്ടം കോവുന്തല ബോട്ട് ടെർമിനൽ എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ ആണ്.

1.65 കോടി രൂപ ചിലവിൽ കുപ്പത്ത് പാലത്തിന് മുകൾ ഭാഗത്തും താഴെ ഭാഗത്തും നിർമ്മിക്കുന്ന രണ്ട് ബോട്ട് ടെർമിനൽ പ്രവൃത്തിയും പുരോഗമിക്കുകയാണ്. പാമ്പുരുത്തിയിൽ 1.14 കോടി രൂപയുടെ രണ്ട് ബോട്ട് ടെർമിനൽ പ്രവൃത്തിയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ പ്രവൃത്തികളെല്ലാം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നും പദ്ധതികൾ പൂർത്തിയാകുന്നതോടെ തളിപ്പറമ്പ മണ്ഡലത്തിലെ ടൂറിസം മേഖലയിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ 261 ലക്ഷം രൂപയുടെ എ കെ ജി ഐലൻഡിലെ 2 ബോട്ട് ടെർമിനൽ , 293 ലക്ഷം രൂപയുടെ കൊളച്ചേരി ദ്വീപിലെ 2 ബോട്ട് ടെർമിനൽ,293 ലക്ഷം രൂപയുടെ സി എച് ഐലാൻഡിലെ 2 ബോട്ട് ടെർമിനൽ,എന്നിവയുടെ പ്രവൃത്തിയും എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനും കാട്ടാമ്പള്ളി കടവിൽ നിർമ്മാണത്തിൽ വന്ന തടസങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ച്‌ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

നിലവിൽ ബോട്ട് ടെർമിനൽ പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ 2 കോടിയോളം രൂപയുടെ അനുബന്ധ പ്രവൃത്തികൾ നടക്കാനുണ്ട്. ബയോ ടോയ്‌ലറ്റ്, ഫ്‌ളോട്ടിങ് മാർക്കറ്റ്, ഏറുമാടങ്ങൾ, നടപ്പാത, ഫുഡ് കോർട്ട് തുടങ്ങിയ അനുബന്ധ പ്രവർത്തികൾ എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ ഉൾനാടൻ ജല ഗതാഗത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീല, വകുപ്പ് ഇൻഫർമേഷൻ ഓഫീസർ ശ്രീനിവാസൻ,ഡി ടി പി സി സെക്രട്ടറി നിജേഷ് കുമാർ , പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാബു സി ഡി , ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, തളിപ്പറമ്പ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നിസാർ, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൈമൂനത്ത്, മറ്റ് വിവിധ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21845/malanad-river-cruis-project)