---
title: "കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നൽകി"
english_title: "submitted a petition to the Transport Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213571/submitted-a-petition-to-the-transport-minister"
published_at: "2024-06-20T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66744f9689d46_news-card.jpg"
keywords: []
---

# കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** കണ്ണൂര്‍ - പഴയങ്ങാടി - പിലാത്തറ - പയ്യന്നൂര്‍ റൂട്ടിൽ നിർത്തലാക്കിയ മുഴുവൻ കെ.എസ്.ആര്‍.ടി സി ചെയിൻ സര്‍വ്വീസുകളും ഗ്രാമീണ സർവ്വീസുകളും ഉൾപ്പടെ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനം നൽകി. പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

## Article Content

കണ്ണൂര്‍ - പഴയങ്ങാടി - പിലാത്തറ - പയ്യന്നൂര്‍ റൂട്ടിൽ നിർത്തലാക്കിയ മുഴുവൻ കെ.എസ്.ആര്‍.ടി സി ചെയിൻ സര്‍വ്വീസുകളും ഗ്രാമീണ സർവ്വീസുകളും ഉൾപ്പടെ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനം നൽകി. പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

  പയ്യന്നൂർ - പഴയങ്ങാടി- കണ്ണൂർ റൂട്ടില്‍ കെ എസ് ആർ ടി സി ചെയിന്‍ സര്‍വ്വീസ് നിലച്ചിട്ട് ഏറെ നാളുകളായി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് 4 ഉം, കണ്ണൂരില്‍ നിന്ന് 6 ബസുകള്‍ ഉള്‍പ്പടെ 10 ബസുകളാണ് സര്‍വ്വീസ് നടത്തിവന്നത്. ജീവനക്കാരുടെ കുറവും, സര്‍വ്വീസ് നഷ്ട്ടത്തിലാണെന്നും പറഞ്ഞ് ഘട്ടം ഘട്ടമായി പ്രസ്തുത സര്‍വ്വീസുകള്‍ നിർത്തലാക്കി. പയ്യന്നൂര്‍, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും ഒരു ബസ് മാത്രമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.

തിരുവന്തപുരത്തു നിന്നും രാത്രി 11 മണിക്ക് കണ്ണൂരില്‍ എത്തിചേരുന്ന എക്സിക്യൂട്ടീവ്, ജനശദാബ്ദി എന്നീ ട്രെയിനുകളിലെ യാത്രക്കാര്‍ക്കായി ആരംഭിച്ച പഴയങ്ങാടി വഴിയുള്ള കണ്ണൂര്‍-പഴയങ്ങാടി- പയ്യന്നൂര്‍-കാഞ്ഞങ്ങാട് സര്‍വ്വീസ്, മാടായിക്കാവ് - കാസര്‍ക്കോട് സര്‍വ്വീസ്, പഴയങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്നും രാവിലെ മാവേലി എക്സ്പ്രസ് ട്രെയിനില്‍ എത്തി ചേരുന്നവര്‍ക്കുവേണ്ടി ആരംഭിച്ച സര്‍വ്വീസ്, കൂടാതെ നിരവധിയായ ഗ്രാമീണ സര്‍വ്വീസുകള്‍ ഉള്‍പ്പടെ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഈ സർവ്വീസുകളെ ആശ്രയിക്കുന്ന നിരവധിയായ യാത്രക്കാര്‍ ഉണ്ട്. സർവ്വീസ് നിലച്ചതിനാൽ ഈ ബസുകളെ ആശ്രയിച്ചവർ പ്രയാസപ്പെടുകയാണ്. ആയതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ഉപകരാപ്രദമായി ഉപയോഗിച്ചു വന്ന നിര്‍ത്തലാക്കിയ മുഴുവന്‍ സര്‍വ്വീസുകളും അടിയന്തരമായി പുന:രാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213571/submitted-a-petition-to-the-transport-minister)