---
title: "മുണ്ടേരിയില്‍ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ മാരകായുധങ്ങള്‍"
english_title: "CAR_MUNDERI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21310/car_munderi"
published_at: "2022-01-17T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e571ea8a1c2_CAR_MUNDERI.jpg"
keywords: []
---

# മുണ്ടേരിയില്‍ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ മാരകായുധങ്ങള്‍

> **Lead Summary:** മുണ്ടേരി :പടന്നോട്ട് മൊട്ടക്ക് സമീപം വീട്ടുമുറ്റത്ത് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

## Article Content

മുണ്ടേരി :പടന്നോട്ട് മൊട്ടക്ക് സമീപം വീട്ടുമുറ്റത്ത് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ഷൈനാ നിവാസിൽ ഭാസ്ക്കരന്റെ വീട്ട് മുറ്റത്താണ് ഇന്നലെ രാത്രി 12 മണിയോടെ സ്വിഫ്റ്റ് കാർ ഉപേക്ഷിച്ചത്. കാറിന് ഇരട്ട നമ്പർ പ്ലെയിറ്റ് ഉണ്ടായിരുന്നു.

പോലീസ് അന്വേഷണത്തിൽ കാസർഗോഡുള്ള ആളുടെ ഉടമസ്ഥയിലുള്ളതാണ് കാറെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രി പതിനൊന്നരയോടെ രണ്ട് പേർ വീടിന്റെ മുറ്റത്ത് വന്ന് കാറിന് ചെറിയ തകരാർ ഉള്ളതിനാൽ ഇവിടെ വെക്കട്ടെ എന്ന് ചോദിച്ചതായി വീട്ടുടമ പറഞ്ഞു.

കാറിന്റെ പിൻ ഗ്ലാസ് തകർന്ന നിലയിലാണ്. വാഹനത്തിലും വീടിൻ്റെ മുറ്റത്തും ചോരപ്പാടുകളും ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് എത്തിയ വിരലടയാള വിദഗ്ദരും ചക്കരക്കൽ പോലീസും കാർ പരിശോധന നടത്തിയപ്പോഴാണ് വാൾ,കത്തിവാൾ മുതലായ മാരകായുധങ്ങളും, മദ്യക്കുപ്പിയും മറ്റും കണ്ടെത്തിയത്.

സൈൻ്റിഫിക് ഓഫീസർ പി.ശ്രീജ, ഫിങ്കർ പ്രിന്റ് എക്സ്പോർട്ട് പി.സിന്ധു, പോലിസ് ഫോട്ടോഗ്രാഫർ കെ.ടി. ബിൻസ് ജോസ് എന്നിവർ സ്ഥലത്തെത്തി. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ്റെ നേതൃത്വത്തിൽ എസ് ഐ ഗംഗാധരൻ, കെ.വി.വിനീത്, അബ്ദുൾ നാസർ, കെ.വിജേഷ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21310/car_munderi)