---
title: "ബോംബ് നിർമ്മാണവും സംഭരണവും നിരപരാധികളുടെ ജീവനെടുക്കുന്നു: അഡ്വ മാർട്ടിൻ ജോർജ്ജ്"
english_title: " Adv Martin George"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213035/adv-martin-george"
published_at: "2024-06-18T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671b2df920a8_news-card.jpg"
keywords: []
---

# ബോംബ് നിർമ്മാണവും സംഭരണവും നിരപരാധികളുടെ ജീവനെടുക്കുന്നു: അഡ്വ മാർട്ടിൻ ജോർജ്ജ്

> **Lead Summary:** കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരണപ്പെട്ട സംഭവം ജില്ലയിൽ ബോംബ് നിർമ്മാണവും സംഭരണവും നിർബാധം തുടരുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.

## Article Content

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരണപ്പെട്ട സംഭവം ജില്ലയിൽ ബോംബ് നിർമ്മാണവും സംഭരണവും നിർബാധം തുടരുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.

സി പി എമ്മും, ബി ജെ പിയും യഥേഷ്ടം ബോംബ് നിർമാണം തുടരുമ്പോൾ പോലീസിൻ്റെ ഭാഗത്തു നിന്ന് റെയ്ഡോ മറ്റു നടപടികളോ ഉണ്ടാകുന്നില്ല. ആളൊഴിഞ്ഞ പറമ്പുകളൊക്കെ ബോംബുകൾ ഒളിപ്പിക്കാൻ ഉപയോഗിക്കുമ്പോൾ പറമ്പിൽ തേങ്ങ പെറുക്കാൻ പോകുന്നവരും തൊഴിലുറപ്പ് തൊഴിലാളികളും ആക്രി സാധനങ്ങൾ ശേഖരിക്കുന്നവരുമൊക്കെയാണ് ഇരകളാകുന്നത്. പാനൂരിൽ ഈ തെരഞ്ഞെടുപ്പുകാലത്താണ് ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിൽ ഒരു സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഡിസംബറിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് ബോംബ് പൊട്ടി പരിക്കേറ്റിരുന്നു. ഭരിക്കുന്ന പാർട്ടികൾ തന്നെയാണ് ബോംബ് നിർമ്മാണത്തിൽ മൽസരിക്കുന്നത്. മുമ്പൊക്കെ ബോംബുകൾ കണ്ടെത്താൻ പോലീസ് നിരന്തരം റെയ്ഡുകൾ നടത്തിയിരുന്നു. എന്നാൽ പിണറായി വിജയൻ ആഭ്യന്തര വകുപ്പിൻ്റെ ചുമതല ഏറ്റെടുത്തതോടെ സി പി എമ്മിൻ്റെയും ആർ.എസ്.എസിൻ്റെയും ബോംബ് നിർമാണ ഫാക്ടറികൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിച്ചതുപോലെയാണ്.

അത്തരം കേന്ദ്രങ്ങളിൽ പേരിനു പോലും പോലീസ് പരിശോധന നടത്തുന്നില്ല.ഒളിപ്പിച്ചു വെക്കുന്നതും അലക്ഷ്യമായി ഉപേക്ഷിക്കുന്നതുമായ ബോംബുകൾ സാധാരണക്കാരുടെ ജീവനു ഭീഷണിയാകുന്ന സാഹചര്യമാണ്. ആവർത്തിക്കുന്ന സ്ഫോടനങ്ങൾ കണക്കിലെടുത്ത് പോലീസിൻ്റെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

വേലായുധൻ്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു .സ്ഫോടനമുണ്ടായി വയോധികൻ മരണപ്പെട്ട എരഞ്ഞോളിയിൽ ഡി സി സി പ്രസിഡൻ്റ് അഡ്വ .മാർട്ടിൻ ജോർജ്ജ് , എ ഐ സി സി മെമ്പർ വി എ നാരായണൻ ,സജീവ് മാറോളി ,എം പി അരവിന്ദാക്ഷൻ ,സുശീൽ ചന്ദ്രോത്ത് ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213035/adv-martin-george)