---
title: "കെ-റെയിൽ: കണ്ണൂർ ജില്ലയിൽ പാതക്കുണ്ടാവുക 63 കിലോമീറ്റർ ദൈർഘ്യം,മാടായിപ്പാറയിൽ തുരങ്കപാത"
english_title: "k-rail-project"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21209/k-rail-project"
published_at: "2022-01-17T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e5036295a56_k rail.jpg"
keywords: []
---

# കെ-റെയിൽ: കണ്ണൂർ ജില്ലയിൽ പാതക്കുണ്ടാവുക 63 കിലോമീറ്റർ ദൈർഘ്യം,മാടായിപ്പാറയിൽ തുരങ്കപാത

> **Lead Summary:** കണ്ണൂർ : കെ-റെയിൽ പദ്ധതിയുടെ പ്രാഥമിക പരിശോധനകൾ പൂർത്തിയാകവേ, കണ്ണൂർജില്ലയിൽ പാതക്കുണ്ടാവുക 63 കിലോമീറ്റർ ദൈർഘ്യം.

## Article Content

കണ്ണൂർ : കെ-റെയിൽ പദ്ധതിയുടെ പ്രാഥമിക പരിശോധനകൾ പൂർത്തിയാകവേ, കണ്ണൂർജില്ലയിൽ പാതക്കുണ്ടാവുക 63 കിലോമീറ്റർ ദൈർഘ്യം.

മാടായിപ്പാറയിൽ തുരങ്കം വഴിയായിരിക്കും പാതയുണ്ടാക്കുക. സ്ഥലത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്തും ഈ സ്ഥലം സമീപപ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന് നിൽക്കുന്നതുകൊണ്ടുമാണിത്.

പയ്യന്നൂർ മുതൽ ന്യൂമാഹിവരെ 25 വില്ലേജുകളിലൂടെയാവും പാത കടന്നുപോവുക. പള്ളിക്കുന്ന്‌മുതൽ പയ്യന്നൂർവരെയുള്ള പാതയുടെ അലൈൻമെന്റ് പോയിന്റുകൾ നിശ്ചയിച്ചു.

ഇനി ബാക്കിയുള്ളത് പള്ളിക്കുന്ന്മുതൽ മാഹിവരെയുള്ള ഭാഗം. അലൈൻമെന്റ് പോയിന്റുകൾ എന്ന നിലക്ക് ഇതുവരെയായി 2650 കുറ്റികൾ സ്ഥാപിച്ചു.

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ സാമൂഹിക ആഘാതപഠനം നടത്തുന്നതിനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.

‘സോഷ്യൽ വൊളന്റിയർ ഹെൽത്ത് സർവീസസ്’ എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല. നൂറുദിവസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കരാർ. ഈ പ്രവർത്തനം നടത്തുന്ന വൊളന്റിയർമാർക്കുള്ള പരിശീലനം പൂർത്തിയായി.

ആവശ്യമുള്ള ഉപകരണങ്ങളും അനുവദിച്ചു. ഈ പ്രവർത്തനം പൂർത്തിയായാൽ മാത്രമേ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെയും വസ്തുവകകളുടെയും വിശദാംശങ്ങൾ ലഭിക്കൂ.

പദ്ധതിയുടെ ജില്ലയിലെ ഓഫീസ് തെക്കിബസാറിൽ പ്രവർത്തനമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21209/k-rail-project)