---
title: "ജെസിബി പാർട്സ് മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപന നടത്തിയ ചെക്കിക്കുളം സ്വദേശി പിടിയിൽ "
english_title: "crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20996/crime"
published_at: "2022-01-15T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2eb9e25dc2_download (13).jpg"
keywords: []
---

# ജെസിബി പാർട്സ് മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപന നടത്തിയ ചെക്കിക്കുളം സ്വദേശി പിടിയിൽ 

> **Lead Summary:** മയ്യിൽ : ജെസിബിയുടെ ഭാഗങ്ങൾ മോഷണം നടത്തി ആക്രിക്കടയിൽ വിൽപന നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചെക്കിക്കുളം സ്വദേശി രഞ്ജിത്തിനെയാണ് മയ്യിൽ ഇൻസ്പെക്ടർ ബിജു പ്രകാശ്, എ.സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

മയ്യിൽ : ജെസിബിയുടെ ഭാഗങ്ങൾ മോഷണം നടത്തി ആക്രിക്കടയിൽ വിൽപന നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചെക്കിക്കുളം സ്വദേശി രഞ്ജിത്തിനെയാണ് മയ്യിൽ ഇൻസ്പെക്ടർ ബിജു പ്രകാശ്, എ.സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മാണിയൂർ കട്ടോളിയിലെ പി.കെ. ഷിനോയിയുടെ ഉടമസ്ഥതയിലുള്ള ജെസിബിയുടെ ഒന്നര ലക്ഷം രൂപ വില വരുന്ന രണ്ട് ബക്കറ്റുകളും ബ്ലേഡുമാണ് മോഷണം പോയത്. വീടിന് സമീപം നിർത്തിയിട്ടുന്ന ജെസിബിയുടെ ബക്കറ്റുകളും ബ്ലേഡും അഴിച്ച് വെച്ചതായിരുന്നു. ഇതാണ് സംഘം കവർന്നത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നംഗ സംഘം സാധനങ്ങൾ ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോയതായി വിവരം ലഭിച്ചു. തുടർന്ന് മയ്യിൽ കണ്ടക്കൈ റോഡ് ജംഗ്ഷനിലെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവിടുത്തെ ആക്രി കടയിൽ സാധനങ്ങൾ വിൽപന നടത്താൻ എത്തിയതായി വ്യക്തമായി.

ഇതോടെ ആക്രിക്കട ഉടമയെ ചോദ്യം ചെയ്ത് പ്രതികളെ കണ്ടെത്തുകയായിരുന്നു. 10,000 രൂപയ്ക്കാണ് സാധനങ്ങൾ ഇവിടെ വിൽപന നടത്തിയത്. ആക്രിക്കട ഉടമ പോലീസിനെ വെട്ടിച്ച് സാധനങ്ങൾ ലോറിയിൽ രാത്രി കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ചെങ്കിലും രഹസ്യ വിവരത്തെ തുടർന്ന് മയ്യിൽ പെട്രോൾ പമ്പിന് സമീപം വച്ച് ലോറി പോലിസ് കസ്റ്റഡിയിലെടുക്കുയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20996/crime)