---
title: "'ധീരജിന്റേത്  കോൺഗ്രസ് കുടുംബം, ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്വം കെഎസ്‌യുവിന്റെ പുറത്ത് എങ്ങനെ വന്നു?' കെ സുധാകരൻ"
english_title: "k sudhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20917/k-sudhakaran"
published_at: "2022-01-15T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e28ed864138_download (17).jpg"
keywords: []
---

# 'ധീരജിന്റേത്  കോൺഗ്രസ് കുടുംബം, ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്വം കെഎസ്‌യുവിന്റെ പുറത്ത് എങ്ങനെ വന്നു?' കെ സുധാകരൻ

> **Lead Summary:** **തിരുവനന്തപുരം: **ഇടുക്കിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ താന്‍ ദുഃഖം രേഖപ്പെടുത്തിയില്ല എന്നു പറയുന്നത് ക്രൂരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തന്റെ മനസ്സ് കല്ലോ ഇരുമ്പോ അല്ല. സംഭവത്തിന്റെ പിറ്റേന്ന് കൊല്ലത്തുവെച്ച് ധീരജിന്റെ മരണത്തില്‍ ദുഖമുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു.

## Article Content

**തിരുവനന്തപുരം: **ഇടുക്കിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ താന്‍ ദുഃഖം രേഖപ്പെടുത്തിയില്ല എന്നു പറയുന്നത് ക്രൂരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തന്റെ മനസ്സ് കല്ലോ ഇരുമ്പോ അല്ല. സംഭവത്തിന്റെ പിറ്റേന്ന് കൊല്ലത്തുവെച്ച് ധീരജിന്റെ മരണത്തില്‍ ദുഖമുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഏതെല്ലാം മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തു എന്നറിയില്ല. 

ധീരജ് എന്ന ചെറുപ്പക്കാരന്റെ മരണം വേദനാജനകമാണ്. കുടുംബത്തിന്റെ വേദന മനസ്സിലാക്കുന്നു. ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. ആ വീട്ടില്‍ പോകണമെന്നുണ്ട്. പക്ഷെ സാധിക്കില്ല. താന്‍ അവിടെ പോയാല്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരിക ധീരജിന്റെ കുടുംബമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഇത്രയും സങ്കടകരമായ വിവരം കണ്ണൂരില്‍ അറിഞ്ഞപ്പോള്‍, ധീരജിന്റെ ശവകുടീരം കെട്ടിപ്പൊക്കാനുള്ള എട്ടു സെന്റ് സ്ഥലം വാങ്ങാനുള്ള തിരക്കിലായിരുന്നു സിപിഎം. വീട്ടുകാര്‍ സമ്മതിച്ചോ എന്നറിയില്ല, വീട്ടുകാരുടെ അഭിലാഷം വീട്ടുപറമ്പില്‍ വെക്കണമെന്നായിരുന്നു തനിക്ക് കിട്ടിയ വിവരം. പക്ഷെ എവിടെ വെക്കണമെന്ന് തീരുമാനിച്ചത് പാര്‍ട്ടിയാണ്, ധീരജിന്റെ അച്ഛനും അമ്മയുമല്ല. ധീരജ് കോളജ് ക്യാംപസിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കു വന്ന ചെറുപ്പക്കാരനാണ്.

വീട്ടുപറമ്പില്‍ വെക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും എട്ടു സെന്റ് സ്ഥലം വില കൊടുത്തുവാങ്ങി ശവകുടീരം കെട്ടിപ്പൊക്കിയ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ മനസ്സ് തിരിച്ചറിയണം. ധീരജിന്റെ രക്തസാക്ഷിത്വം പാര്‍ട്ടി ആഘോഷമാക്കുകയായിരുന്നു. അവിടെ മാത്രമല്ല ആഘോഷമുണ്ടായത്. തിരുവാതിര കളി കൊണ്ട് പിണറായി വിജയനെ ഉയര്‍ത്തിയില്ലേ. പാര്‍ട്ടി അഖിലേന്ത്യാ നേതാവു കൂടി പങ്കെടുത്ത പരിപാടി നാട്ടുകാരല്ല നടത്തിയത്, സിപിഎമ്മുകാരാണ്.

കുത്തിയത് ആരാണെന്ന് ആ കുട്ടികള്‍ക്ക് പോലും പറയാന്‍ പറ്റുന്നില്ല. ആര് കുത്തി?. ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്തം കെ എസ് യുവിന്റെ, കോണ്‍ഗ്രസിന്റെ പുറത്ത് എങ്ങനെ വന്നുവെന്ന് കെ സുധാകരന്‍ ചോദിച്ചു. ധീരജ് കുത്തുകിട്ടി വീണപ്പോള്‍ പൊലീസ് ആശുപത്രിലെത്തിക്കാന്‍ കൂട്ടാക്കിയില്ല. എന്തുകൊണ്ടാണത്. പൊലീസ് മടുത്തിട്ടാണ്. വിരട്ടാനും തുരത്താനും നിരവധി വട്ടം ശ്രമിച്ചിട്ടും മാറാത്ത എസ്എഫ്‌ഐ പ്രവര്‍ത്തകരോട് പൊലീസുകാരുടെ മനസ്സിലുണ്ടായ ക്ഷോഭമാകാം കാരണമെന്ന് സുധാകരന്‍ പറഞ്ഞു. എന്തായാലും അത് തെറ്റാണ്. താനതിനെ അനുകൂലിക്കില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20917/k-sudhakaran)