---
title: "സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ വൻ നാശനഷ്ടം: രണ്ട് ജില്ലകളിൽ റെഡ് അലർട്ട്"
english_title: "unexpected heavy rains in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208155/unexpected-heavy-rains-in-the-state"
published_at: "2024-05-28T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655a334930c1_Untitled-2-web.jpg"
keywords: []
---

# സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ വൻ നാശനഷ്ടം: രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നാശനഷ്ടവും ജീവഹാനിയും ഗതാഗതക്കുരുക്കും. ഇന്ന് മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ വീട്ടില്‍ നിന്ന്് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നാശനഷ്ടവും ജീവഹാനിയും ഗതാഗതക്കുരുക്കും. ഇന്ന് മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ വീട്ടില്‍ നിന്ന്് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ദുരിതം സമ്മാനിച്ചത്. പെരുമഴയില്‍ കൊച്ചിയില്‍ വീണ്ടും വെളളക്കെട്ട് രൂപപ്പെട്ടു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വെളളക്കെട്ടിനെത്തുടര്‍ന്ന് ഐ ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേര്‍ന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോര്‍ട്ടുകൊച്ചിയില്‍ കെ എസ് ആര്‍ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആര്‍ക്കും പരിക്കില്ല. കളമശേരിയില്‍ വെളളം ഉയര്‍ന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപെടുത്തി.

കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗതത്തിന് തടസ്സമായി.

കൊല്ലത്ത് അര്‍ദ്ധരാത്രി മുതല്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ ചാത്തന്നൂര്‍ മുതല്‍ പാരിപ്പള്ളി വരെ വെള്ളക്കെട്ടില്‍ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ മരത്തിന്റെ ചില്ലകള്‍ വീണു തകര്‍ന്നു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉള്‍പ്രദേശങ്ങളിലും മഴ കനത്തു. വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരു ഭാഗം തകര്‍ന്നു. കാട്ടാക്കട കൈതക്കോണത്ത് തോടുകള്‍ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവര്‍ഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208155/unexpected-heavy-rains-in-the-state)