---
title: "8 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്"
english_title: " orange alert"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206652/orange-alert"
published_at: "2024-05-21T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c63cc22b50_rain.jfif"
keywords: []
---

# 8 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. എന്നാല്‍ ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. എന്നാല്‍ ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ന് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്.അതേസമയം ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലയിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട് ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയും മറ്റു ജില്ലകളില്‍ ശക്തമായ മഴയുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് ആണ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി അന്നേദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206652/orange-alert)