---
title: "ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു"
english_title: "Hajj season; Bus service has been increased to bring pilgrims to Makkah"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206281/hajj-season-bus-service-has-been-increased-to-bring-pilgrims-to-makkah"
published_at: "2024-05-19T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a1d87b2a45_Untitled-2-web.jpg"
keywords: []
---

# ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു

> **Lead Summary:** **റിയാദ്:** ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക്​ ഈ സേവനങ്ങൾ ലഭ്യമാകും. രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിൽ വൈദഗ്​ധ്യവും പരിചയസമ്പത്തുമുള്ള മൂന്ന്​ പ്രമുഖ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്​.

## Article Content

**റിയാദ്:** ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക്​ ഈ സേവനങ്ങൾ ലഭ്യമാകും. രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിൽ വൈദഗ്​ധ്യവും പരിചയസമ്പത്തുമുള്ള മൂന്ന്​ പ്രമുഖ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്​.

നോർത്ത് വെസ്​റ്റ്​ കമ്പനി, ദർബ് അൽവത്വൻ കമ്പനി, സാറ്റ്​ കമ്പനി എന്നിവയാണിത്​. തീർഥാടകരെ മക്കയിലേക്ക് കരമാർഗം കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്പനികൾക്കായിരിക്കും.

ദുൽഖഅദ്​ ഒന്ന്​ മുതൽ ദുൽഹജ്ജ്​ 15 വരെയുള്ള കാലയളവിലാണ് ബസ്​ സർവിസുണ്ടാകുക. രാജ്യത്തുടനീളം 260 ലധികം സ്ഥലങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാണെന്നും പ്രതിദിനം 200ലധികം ബസുകൾ മക്കയിലേക്ക് പുറപ്പെടുമെന്നും അതോറിറ്റി സൂചിപ്പിച്ചു.

രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന്​ തീർഥാടകർക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് സർവിസിൽ വിദഗ്​ധരും വിശ്വസനീയമുമായ കമ്പനികൾ മുഖേന ഗതാഗത വകുപ്പ് മക്കയിലേക്കും​ തിരിച്ചു ബസ്​ സർവിസ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

ഹജ്ജ് നിർവഹിക്കാനുള്ള തീർഥാടകരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുകയും മക്കയിലേക്കുള്ള യാത്രയിൽ വിവിധ ഗതാഗത ഓപ്ഷനുകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നതിനുമാണെന്നും ഗതാഗത അതോറിറ്റി പറഞ്ഞു​.

ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച്​ ടിക്കറ്റ്​ റിസർവേഷൻ ​ചെയ്യാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206281/hajj-season-bus-service-has-been-increased-to-bring-pilgrims-to-makkah)