---
title: "ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍"
english_title: "Dengue hotspots will be published"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205895/dengue-hotspots-will-be-published"
published_at: "2024-05-17T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6647798d4d105_download.jfif"
keywords: []
---

# ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍

> **Lead Summary:** **തിരുവനന്തപുരം: **ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകള്‍, കുടിവെള്ള സ്‌ത്രോതസുകള്‍ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.

## Article Content

**തിരുവനന്തപുരം: **ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകള്‍, കുടിവെള്ള സ്‌ത്രോതസുകള്‍ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.

ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. ഐസൊലേഷന്‍ കിടക്കകള്‍ മാറ്റിവയ്ക്കും. ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും. മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലകളുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

കേരള പൊതുജനാരോഗ്യ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പൊതു ജല സ്‌ത്രോതസുകള്‍ ശുദ്ധമായി സൂക്ഷിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണ്. അതിനാല്‍ അവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം.

മഞ്ഞപ്പിത്തം ബാധിച്ചവര്‍ സെക്കന്ററി ഇന്‍ഫക്ഷന്‍ വരാതിരിക്കാന്‍ ആറാഴ്ച വിശ്രമിക്കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിന്‍ സംഘടിപ്പിക്കണം. പഞ്ചായത്തുകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ നടത്തണം.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി പ്രതിരോധം ശക്തമാക്കിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴക്കാലം വരുന്നതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205895/dengue-hotspots-will-be-published)