---
title: "എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം: സംസ്ഥാന വ്യാപകമായി നാളെ എസ്എഫ്ഐ പഠിപ്പുമുടക്കും"
english_title: "Murder of SFI activist: SFI strike across the state tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20134/murder-of-sfi-activist-sfi-strike-across-the-state-tomorrow"
published_at: "2022-01-10T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc29c8394f0_news card.jpg"
keywords: []
---

# എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം: സംസ്ഥാന വ്യാപകമായി നാളെ എസ്എഫ്ഐ പഠിപ്പുമുടക്കും

> **Lead Summary:** ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ആസൂത്രിതമായാണ് അക്രമം നടന്നതെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്.

## Article Content

ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ആസൂത്രിതമായാണ് അക്രമം നടന്നതെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്.

പോലീസ് ഇതിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പു മുടക്ക് സമരം നടത്തി പ്രതിഷേധിക്കുമെന്നും പറഞ്ഞു.

അതിഭീകരമാംവിധമുള്ള അക്രമമാണ് കേരളത്തിലെ ഓരോ ക്യാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുന്ന തരത്തിൽ യൂത്ത് കോൺഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി ക്യാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാർഥികളെ മർദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.

കെ.എസ്.യു. ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെപ്പോലെ കേരളത്തിലെ ക്യാമ്പസുകളിൽ പെരുമാറിക്കൊണ്ടിരിക്കുന്നു. കെ.എസ്.യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ അതിശക്തമായ നിലയിൽ എസ്.എഫ്.ഐ. പ്രതിഷേധം ഉയർത്തും. വിദ്യാർഥികളെയും ജനങ്ങളേയും അണിനരത്തി ക്യാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകും. അതിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പുമുടക്ക് സമരം നടത്തി പ്രതിഷേധിക്കാൻ തീരുമാനിച്ചുവെന്നും സച്ചിൻദേവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20134/murder-of-sfi-activist-sfi-strike-across-the-state-tomorrow)