---
title: "യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച് താടിയെല്ല് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ"
english_title: "Man arrested for breaking jawbone"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19780/man-arrested-for-breaking-jawbone"
published_at: "2022-01-08T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9346607834_news card.jpg"
keywords: []
---

# യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച് താടിയെല്ല് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

> **Lead Summary:** കഴിഞ്ഞ വർഷം ഡിസംബർ 26ന് രാത്രി വാഹനം തടഞ്ഞു നിർത്തി യുവാവിനെ മർദിച്ചു താടിയെല്ല് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറ്റിക്കോൽ വേന്തിൽ ഹൗസിൽ വി പി പ്രമോദ് എന്ന ബാബുവിനെയാണ് തളിപ്പറമ്പ് എസ് ഐ പി സി സഞ്ജയ്‌ കുമാർ അറസ്റ്റു ചെയ്തത്.

## Article Content

കഴിഞ്ഞ വർഷം ഡിസംബർ 26ന് രാത്രി വാഹനം തടഞ്ഞു നിർത്തി യുവാവിനെ മർദിച്ചു താടിയെല്ല് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറ്റിക്കോൽ വേന്തിൽ ഹൗസിൽ വി പി പ്രമോദ് എന്ന ബാബുവിനെയാണ് തളിപ്പറമ്പ് എസ് ഐ പി സി സഞ്ജയ്‌ കുമാർ അറസ്റ്റു ചെയ്തത്.

കുറ്റിക്കോല്‍ സി.ജെ.ബില്‍ഡേഴ്‌സിന് സമീപം വെച്ച് കുറ്റിക്കോലിലെ കുരുവിനപകുതിയില്‍ ജോബിഷ്മാത്യുവിനെ(42) കാര്‍ തടഞ്ഞുനിര്‍ത്തി ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമീപത്തുതന്നെ ഉണ്ടായിരുന്ന ജോബിയുടെ സഹോദരന്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

പരിക്കേറ്റ് അബോധാവസ്ഥയിലായ ജോബിഷിനെയും കൊണ്ട് കാറില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് പോകവെ മര്‍ദ്ദക സംഘത്തിലുണ്ടായിരുന്ന ചിലരും കാറില്‍ കയറുകയും മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റിയില്‍ ജോബിഷിനെ കൊണ്ടുപോയപ്പോള്‍ കൂടെയുണ്ടായിരുന്ന മര്‍ദ്ദകസംഘം സഹോദരന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്ത് ജോബിഷ് മദ്യപിച്ച് വീണുപരിക്കേറ്റതാണെന്ന് ഡ്യൂട്ടി ഡോക്ടറോട് പറയുകയും ഇത്തരത്തില്‍ ഇന്റിമേഷന്‍ അയക്കുകയും ചെയ്തതായി ജോബിഷ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

താടിയെല്ല് പൊട്ടിയത് കാരണം സംസാരിക്കാന്‍ സാധിക്കാതിരുന്ന ജോബിഷ് കഴിഞ്ഞ ദിവസമാണ് യഥാര്‍ത്ഥ സംഭവം ഡോക്ടറോട് പറഞ്ഞത്. ഇത്പ്രകാരം ഇന്റിമേഷന്‍ മാറ്റുകയും പ്രതികളുടെ പേരില്‍ ഐ.പി.സി.323, 324,326 വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയുമായിരുന്നു. മറ്റൊരു പ്രതി ജിനേഷിനെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യക്തിപരമായ ചില പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രമോദിനെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19780/man-arrested-for-breaking-jawbone)