---
title: "സ്വത്തിനുവേണ്ടി അമ്മയെ മക്കൾ മർദ്ദിച്ചവശയാക്കിയ സംഭവം: പെണ്മക്കളും അറസ്റ്റിൽ"
english_title: "Mother beaten by children for property: Daughters arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19756/mother-beaten-by-children-for-property-daughters-arrested"
published_at: "2022-01-08T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d91aa69f883_download (13).jpg"
keywords: []
---

# സ്വത്തിനുവേണ്ടി അമ്മയെ മക്കൾ മർദ്ദിച്ചവശയാക്കിയ സംഭവം: പെണ്മക്കളും അറസ്റ്റിൽ

> **Lead Summary:** **പെരിങ്ങോം: **സ്വത്ത് എഴുതികൊടുക്കാത്ത വിരോധത്തില്‍ അമ്മയെ നിര്‍ബന്ധിച്ച് മുദ്രപേപ്പറില്‍ ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയും വിസമ്മതിച്ചതോടെ മര്‍ദിച്ച് അവശയാക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പെണ്‍മക്കളും അറസ്റ്റിലായി.

## Article Content

**പെരിങ്ങോം: **സ്വത്ത് എഴുതികൊടുക്കാത്ത വിരോധത്തില്‍ അമ്മയെ നിര്‍ബന്ധിച്ച് മുദ്രപേപ്പറില്‍ ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയും വിസമ്മതിച്ചതോടെ മര്‍ദിച്ച് അവശയാക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പെണ്‍മക്കളും അറസ്റ്റിലായി.

എരമം സ്വദേശികളായ സഹോദരങ്ങളായ പി.സൗദാമിനി, പി.അമ്മിണി, പി.പത്മിനി എന്നിവരെയാണ് പെരിങ്ങോം എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരേ നരഹത്യ കേസെടുത്തു. സംഭവത്തില്‍ രവീന്ദ്രന്‍ നേരത്തെ അറസ്റ്റിലായിരുന്നു. മാതമംഗലം പേരൂലിലെ പലേരി വീട്ടില്‍ മീനാക്ഷിയമ്മ(93)യെയാണ് കഴിഞ്ഞ ഡിസംബര്‍ 14ന് സ്വത്തിനു വേണ്ടി നാലുപേരും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കിയത്.

പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഒളിവില്‍പോയ പെണ്‍മക്കള്‍ തലശേരി സെഷന്‍സ് കോടതിയില്‍ അഭിഭാഷകന്‍ മുഖേന ജാമ്യം നേടി. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി അറസ്റ്റു വരിക്കുകയായിരുന്നു. മറ്റു ഉപാധികളോടെയാണ് മൂന്നുപേരും ജാമ്യം നേടിയത്. എല്ലാ രണ്ടാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും വ്യവസ്ഥയിലാണ് ജാമ്യം.

പത്ത് മക്കളുടെ മാതാവായ മീനാക്ഷിയമ്മയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഇളയമകന്‍ മോഹനന്റെ പേരൂലിലെ വീട്ടിലാണ് മീനാക്ഷിയമ്മ താമസിക്കുന്നത്. പെണ്‍മക്കളില്‍ ഒരാള്‍ അഞ്ചുവര്‍ഷം മുമ്പ് മരിച്ചതോടെ അവരുടെ പേരിലുള്ള 25 സെന്റ് സ്ഥലം മീനാക്ഷിയമ്മയുടെ കൈവശം കിട്ടി.

ഈ സ്വത്ത് വീതം വച്ച് നല്‍കാത്തതിന്റെ വിരോധത്തിലാണ് മകന്‍ മോഹനന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് നാലുമക്കളും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറുകയും വയോധികയെ മര്‍ദിക്കുകയും അവര്‍ കൊണ്ടുവന്ന പേപ്പറുകളില്‍ ബലമായി ഒപ്പുവെപ്പിക്കുവാന്‍ ശ്രമിച്ചതുമെന്നാണ് പോലിസില്‍ നല്‍കിയ പരാതി. മര്‍ദനമേറ്റ മീനാക്ഷിയമ്മ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19756/mother-beaten-by-children-for-property-daughters-arrested)