---
title: "ഗതാഗത പരിഷ്കരണം: തളിപ്പറമ്പിലെ അനധികൃത പാർക്കിംഗ് തടയും. റോഡരികുകൾ കയ്യേറിയുള്ള കച്ചവടങ്ങൾ ഒഴിപ്പിക്കും"
english_title: "Transportation reform"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19751/transportation-reform"
published_at: "2022-01-08T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d91524ac9e7_5a0dd04a-6a71-45e6-a43c-9e2217a5d145.jpg"
keywords: []
---

# ഗതാഗത പരിഷ്കരണം: തളിപ്പറമ്പിലെ അനധികൃത പാർക്കിംഗ് തടയും. റോഡരികുകൾ കയ്യേറിയുള്ള കച്ചവടങ്ങൾ ഒഴിപ്പിക്കും

> **Lead Summary:** **തളിപ്പറമ്പ്:** നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശ്രമം. നേരത്തേയുണ്ടായ ഗതാഗത പരിഷ്കരണം തുടരാനും അനധികൃത വ്യാപാരമുൾപ്പെടെ തടയാനുമാണ് തീരുമാനം. ആർ.ഡി.ഒ. ഇ.പി. മേഴ്‌സിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് ഗതാഗതക്കുരുക്ക് ചർച്ചചെയ്തത്.

## Article Content

**തളിപ്പറമ്പ്:** നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശ്രമം. നേരത്തേയുണ്ടായ ഗതാഗത പരിഷ്കരണം തുടരാനും അനധികൃത വ്യാപാരമുൾപ്പെടെ തടയാനുമാണ് തീരുമാനം. ആർ.ഡി.ഒ. ഇ.പി. മേഴ്‌സിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് ഗതാഗതക്കുരുക്ക് ചർച്ചചെയ്തത്.

റോഡിലെ അനധികൃത പാർക്കിങ് പ്രശ്നമാണെന്ന് ആർ.ഡി.ഒ. പറഞ്ഞു. വ്യാപാരസ്ഥാപനങ്ങളിലേക്കോ ഓഫീസുകളിലേക്കോ ആളുകൾക്ക് കയറിപ്പോകാനാകുന്നില്ല. വാഹനങ്ങൾ സുഗമമായി പോകാനുള്ള സംവിധാനം വേണമെന്നും ആർ.ഡി.ഒ. പറഞ്ഞു. തളിപ്പറമ്പിലെ ട്രാഫിക് യൂണിറ്റ് കാര്യക്ഷമമാക്കണമെന്ന ആവശ്യം യോഗത്തിലുയർന്നു.

നേരത്തേ നല്ലനിലയിൽ പ്രവർത്തിച്ച പോലീസ് സംവിധാനം ഇപ്പോഴുണ്ടാകുന്നില്ല. ട്രാഫിക് യൂണിറ്റിൽ ഒരു വാഹനവും എസ്.ഐ.യും ഡ്രൈവറും മാത്രമാണിപ്പോഴുള്ളത്. ഡ്യൂട്ടിചെയ്യാൻ പോലീസുകാരില്ല. ദേശീയപാതയിൽ കുപ്പത്തുനിന്നാരംഭിക്കുന്ന ഗതാഗതപ്രശ്നം രോഗികളെയും ജീവനക്കാരെയും മറ്റ് തൊഴിലാളികളെയും നിത്യേന വിഷമത്തിലാക്കുന്നു.

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം റോഡിൽ ബാങ്കുകൾക്കു മുന്നിലെ ഗതാഗതതടസ്സം, മാർക്കറ്റ് റോഡിലെ അനധികൃത വ്യാപാരം, മാഞ്ഞുപോയ സീബ്രാലൈനുകൾ, കുപ്പം പാലത്തിനു സമീപത്തെ അനധികൃത വ്യാപാരവും ഗതാഗതക്കുരുക്കും ഉൾപ്പെടെ യോഗത്തിൽ ചർച്ചയായി. നഗരത്തിലെ അനധികൃത വ്യാപാരങ്ങൾ രണ്ടുദിവസത്തിനകം ഒഴിപ്പിക്കും.

റോഡരികിൽ അലക്ഷ്യമായി നിർത്തിയിടുന്ന വാഹന ഉടമകൾക്കെതിരേ നടപടിയുണ്ടാകുമെന്ന് സി.ഐ. എ.വി. ദിനേശൻ പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ, തഹസിൽദാർ ഇ.എം. റെജി, ആർ.ടി.ഒ. എം. വിജയൻ, എം.കെ. മനോഹരൻ, കെ.എം. ലത്തീഫ്, വി.വി. വേണുഗോപാലൻ, എം. ചന്ദ്രൻ, പി.വി. സുരേഷ്, ടി.ആർ. ശിവൻ, കെ.വി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19751/transportation-reform)