---
title: "പുതിയതെരുവിൽ വയോധികൻ കാർ തട്ടി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ "
english_title: "Driver arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19532/driver-arrested"
published_at: "2022-01-06T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d710bf2d0a7_IMG-20220106-WA0116.jpg"
keywords: []
---

# പുതിയതെരുവിൽ വയോധികൻ കാർ തട്ടി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ 

> **Lead Summary:** വളപട്ടണം: ദേശീയപാതയിൽ പുതിയതെരുവിൽ വയോധികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ കണ്ടെത്തി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

വളപട്ടണം: ദേശീയപാതയിൽ പുതിയതെരുവിൽ വയോധികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ കണ്ടെത്തി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

ഗൾഫിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ പിലാത്തറ വിളയാങ്കോട് സ്വദേശി മുസലിയാരകത്ത് ഷംസുദ്ദീനെ(50)യാണ് വളപട്ടണം ഇൻസ്പെക്ടർ എം.രാജേഷിൻ്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ എൻ.ദിജേഷ്, എസ്.ഐ. എം.വി.മോഹനനും സംഘവും അറസ്റ്റു ചെയ്തത്.

സംഭവ സ്ഥലത്തെ നിരവധി നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് വയോധികനെ ഇടിച്ചിട്ട ശേഷം നിർത്താതെ കടന്നു പോയ കെ.എൽ.86.2369 നമ്പർ കിയ സെൽട്ടോസ് വാഹനം തിരിച്ചറിഞ്ഞത്. ആർ.സി. ഉടമയായ പഴയങ്ങാടി സ്വദേശിയിൽ നിന്നുമാണ് കാർ ഇയാൾ താൽക്കാലികമായി ഓടിക്കാൻ വാങ്ങിയത്.

ഇക്കഴിഞ്ഞ രണ്ടിന് രാത്രി 9.30 മണിയോടെയാണ് വഴി യാത്രക്കാരനായ ചിറക്കൽ പനങ്കാവിലെ ചോയിപ്പുറത്ത് ഹൗസിൽ ശശിധരനെ(75) കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധരനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19532/driver-arrested)