---
title: "റോഡരികിൽ ബാർബർ ഷോപ്പിലെ മാലിന്യം തള്ളിയ ആളെ കണ്ടെത്തി, മാലിന്യം തിരിച്ചെടുപ്പിച്ചു, 5000 രൂപ പിഴയും"
english_title: "Man found dumping garbage at barber shop on the roadside, garbage recovered, fined Rs 5,000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19523/man-found-dumping-garbage-at-barber-shop-on-the-roadside-garbage-recovered-fined-rs-5000"
published_at: "2022-01-06T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d70225a019a_e4263464-c8b4-4074-8a9b-0523db97f999 (1).jpg"
keywords: []
---

# റോഡരികിൽ ബാർബർ ഷോപ്പിലെ മാലിന്യം തള്ളിയ ആളെ കണ്ടെത്തി, മാലിന്യം തിരിച്ചെടുപ്പിച്ചു, 5000 രൂപ പിഴയും

> **Lead Summary:** ചപ്പാരപ്പടവ് പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ ചാണോക്കുണ്ട് മംഗര റോഡിലും, ഒടുവള്ളി ഹാജി വളവിലുമാണ് ഒരാഴ്ച മുമ്പ് വാഹനത്തില്‍ കൊണ്ടുവന്ന് രാത്രിയില്‍ മാലിന്യം കൊണ്ട് തള്ളിയ ആളെ പിടികൂടുകയും 5000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.

## Article Content

ചപ്പാരപ്പടവ് പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ ചാണോക്കുണ്ട് മംഗര റോഡിലും, ഒടുവള്ളി ഹാജി വളവിലുമാണ് ഒരാഴ്ച മുമ്പ് വാഹനത്തില്‍ കൊണ്ടുവന്ന് രാത്രിയില്‍ മാലിന്യം കൊണ്ട് തള്ളിയ ആളെ പിടികൂടുകയും 5000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.

ചാക്കു കെട്ടില്‍ നിന്നും കിട്ടിയ കടലാസ് കഷണത്തിലെ തെളിവുകള്‍ വെച്ചാണ് ഇവരെ പിടികൂടിയത്. മാലിന്യം തള്ളിയവരെ കണ്ടെത്തുന്നതിനു വാര്‍ഡ് മെമ്പര്‍ പി.പി.വിനീതയും ഹരിത കര്‍മ്മസേനാംഗം സുനിജസതീശനും ശ്രമിക്കുകയും തളിപ്പറമ്പിനു സമീപം വടക്കാഞ്ചേരിയിലെ ബാര്‍ബര്‍ ഷാപ്പില്‍ നിന്നുള്ള മാലിന്യമാണെന്നും കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണനും സെക്രട്ടറി എ.വി.പ്രകാശനും കടയുടമയെ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു വരുത്തി മാലിന്യം തിരിച്ചെടുക്കുന്നതിനും 5000 രൂപ പിഴ ഒടുക്കുന്നതിനും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചായത്ത് സ്വീകരിച്ചു വരുന്ന കര്‍ശന നടപടികള്‍ നിമിത്തം പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിനു വലിയ തോതില്‍ കുറവ് വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19523/man-found-dumping-garbage-at-barber-shop-on-the-roadside-garbage-recovered-fined-rs-5000)