---
title: "ആർമിക്കാരൻ ആണെന്ന് പറഞ്ഞു വ്യാജസന്ദേശം, വ്യാപാരിക്ക് വൻ നഷ്ടം"
english_title: "Fake message saying he is an Army man, huge loss to the merchant"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19517/fake-message-saying-he-is-an-army-man-huge-loss-to-the-merchant"
published_at: "2022-01-06T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6fd7fc379d_news card-Recovered.jpg"
keywords: []
---

# ആർമിക്കാരൻ ആണെന്ന് പറഞ്ഞു വ്യാജസന്ദേശം, വ്യാപാരിക്ക് വൻ നഷ്ടം

> **Lead Summary:** ബളാലിൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് ക്യാംപിലേക്ക് പച്ചക്കറി സാധനങ്ങൾ എത്തിച്ചു നൽകണമെന്ന വ്യാജസന്ദേശം ലഭിച്ച വെള്ളരിക്കുണ്ട് പാത്തിക്കരയിലെ പച്ചക്കറി വ്യാപാരി കായക്കുന്നിലെ ബേബിക്ക് നഷ്ടങ്ങളുടെ കുരുക്ക്. ചൊവ്വാഴ്ച രാവിലെയാണ് ആർമി ഓഫീസർ എന്ന പേരിൽ ഒരാൾ വിളിച്ച് ബേബിയോട് പച്ചക്കറി ഓർഡർ ചെയ്തത്.

## Article Content

ബളാലിൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് ക്യാംപിലേക്ക് പച്ചക്കറി സാധനങ്ങൾ എത്തിച്ചു നൽകണമെന്ന വ്യാജസന്ദേശം ലഭിച്ച വെള്ളരിക്കുണ്ട് പാത്തിക്കരയിലെ പച്ചക്കറി വ്യാപാരി കായക്കുന്നിലെ ബേബിക്ക് നഷ്ടങ്ങളുടെ കുരുക്ക്. ചൊവ്വാഴ്ച രാവിലെയാണ് ആർമി ഓഫീസർ എന്ന പേരിൽ ഒരാൾ വിളിച്ച് ബേബിയോട് പച്ചക്കറി ഓർഡർ ചെയ്തത്.

ജനുവരി 5 മുതൽ ബളാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആർമി റിക്രൂട്ട്മെന്റ് ക്യാംപ് നടക്കുന്നുവെന്നും അതിനായി 5 കിലോ പച്ചമുളക്, 10 കിലോ തക്കാളി, 10 കിലോ ഉരുളക്കിഴങ്ങ്, വെണ്ടയ്ക്ക, പച്ചക്കായ, കപ്പ, സാമ്പർ കൂട്ടുകൾ തുടങ്ങിയ സാധനങ്ങളാണ് ഓർഡർ ചെയ്തത്.

ഹിന്ദിയിലായിരുന്നു ഓർഡർ ചെയ്തത്. ബുധനാഴ്ച്ച ഉച്ചയോടെ ആർമി വാഹനം പാത്തിക്കരയിൽ എത്തി സാധനങ്ങൾ എടുക്കുന്നതാണെന്നും ഫോണിൽ ബേബിയോട് പറഞ്ഞു. സാധങ്ങളുടെ വില അക്കൗണ്ടിലേക്ക് അയക്കുന്നതിന് ആവശ്യമായ ബാങ്ക് വിവരങ്ങളും ചോദിച്ചു.

സന്ദീപ് റാപത്ത്‌ എന്നു പേരുള്ള ആർമി ഓഫീസറുടെ പേരിൽ ഉള്ള ഐ.ഡി കാർഡും ബേബിയുടെ വാട്സാപ്പിലേക്ക് അയച്ചുനൽകി. സാധനങ്ങൾ പാക്ക് ചെയ്യുന്നതിനു മുന്നോടിയായി ആർമി ഓഫിസറെ വിളിച്ചപ്പോൾ ലഭിച്ച മറുപടിയിൽ പന്തികേട് തോന്നിയ ബേബി പൊതുപ്രവർത്തകനും പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ഷോബി ജോസഫിനെ വിളിച്ചു കാര്യം പറഞ്ഞു.

പിന്നീട് ഈ നമ്പറിൽ വിളിച്ചപ്പോൾ മറുപടിയായി ലഭിച്ചത് അസഭ്യം. ഫോൺ ചെയ്ത വ്യാജ ആർമി ഓഫിസറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബേബി. ആർമി റിക്രൂട്ട്മെന്റ് ക്യാംപിലേക്കായി ബേബി എത്തിച്ച പച്ചക്കറികൾ പാത്തിക്കരയിലെ കടയിൽ കെട്ടി കിടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19517/fake-message-saying-he-is-an-army-man-huge-loss-to-the-merchant)