---
title: "കണ്‍തുറന്ന് കൊട്ടില; മുസാബഖ ജില്ല കലാമേളയ്ക്ക് നാളെ തുടക്കം"
english_title: "musabakha district fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19503/musabakha-district-fest"
published_at: "2022-01-06T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6ee9e72f9d_de58cacb-e46b-4f53-a691-9c37ae315935.jpg"
keywords: []
---

# കണ്‍തുറന്ന് കൊട്ടില; മുസാബഖ ജില്ല കലാമേളയ്ക്ക് നാളെ തുടക്കം

> **Lead Summary:** കണ്‍നിറയെ കനവുകളുമായി കൗമാര പ്രതിഭകളുടെ കലാസപര്യക്ക് കൊട്ടിലയില്‍ കൊടിയേറ്റം.ഇനി മൂന്ന് നാള്‍ ഇസ്ലാമിക കലാവെെഭവത്തിന്‍െറ സമ്മോഹന നിമിഷങ്ങള്‍ക്ക് പി.കെ.പി ഉസ്താദ് നഗര്‍ സാക്ഷ്യം വഹിക്കും.കലയുടെ പൂമരത്തില്‍ ഇശലുകള്‍ പൂക്കും.വസന്തത്തിന്‍െറ വരവറിയിച്ചുള്ള വിളംബര ഘോഷയാത്ര നാടിന്‍െറ കലാ സ്പന്ദനങ്ങളെ തൊട്ടുണര്‍ത്തും.

## Article Content

കണ്‍നിറയെ കനവുകളുമായി കൗമാര പ്രതിഭകളുടെ കലാസപര്യക്ക് കൊട്ടിലയില്‍ കൊടിയേറ്റം.ഇനി മൂന്ന് നാള്‍ ഇസ്ലാമിക കലാവെെഭവത്തിന്‍െറ സമ്മോഹന നിമിഷങ്ങള്‍ക്ക് പി.കെ.പി ഉസ്താദ് നഗര്‍ സാക്ഷ്യം വഹിക്കും.കലയുടെ പൂമരത്തില്‍ ഇശലുകള്‍ പൂക്കും.വസന്തത്തിന്‍െറ വരവറിയിച്ചുള്ള വിളംബര ഘോഷയാത്ര നാടിന്‍െറ കലാ സ്പന്ദനങ്ങളെ തൊട്ടുണര്‍ത്തും.

സഹൃദയ സഹസ്രങ്ങളെ സാക്ഷി നിര്‍ത്തി പാണക്കാട് സയ്യിദ് മുനവിറലി ശിഹാബ് തങ്ങള്‍ പതിനാറാമത് മുസാബഖ ജില്ല കലാമേളക്ക് തുടക്കമിടും.

ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇസ്ലാമിക പാരമ്പര്യത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന നാടാണ് തളിപ്പറമ്പ്.വെെരുദ്ധ്യങ്ങളുടെയും വെെജാത്യങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും വികാര തീവ്രമായ ചരിത്രമുള്ള ഈ നാടിന് ഒരിക്കലും ഒളിമങ്ങാത്ത കലാ സാഹിത്യ സാംസ്ക്കാരിക പാരമ്പര്യമുണ്ട്.

മനസില്‍ കലാപമില്ലാത്തവരുടെ ഹൃദയാന്തരങ്ങളില്‍ ആത്മവിശുദ്ധി പകരുന്ന ചെെതന്യധാരയായി കലയെ നെഞ്ചിലേറ്റുന്നവരുടെ നാടു കൂടിയാണ് ഈ ദേശം.പി.പി.എസ് മുല്ലക്കോയതങ്ങളുടെയും ശംസുല്‍ ഉലമയുടെയും ഓര്‍മ്മകള്‍ തുടിക്കുന്ന ഈ ജനുവരി മാസക്കുളിരില്‍ കൗമാര കലയുടെ കേളികൊട്ടുയരുമ്പോള്‍ സര്‍ഗ മുറ്റത്തെത്തുന്ന ഇളംമുറക്കാരുടെ ആവേശപ്പാച്ചിലുകളിലേക്ക് കണ്ണെറിഞ്ഞ് കൊട്ടില അവരെ ആകാശത്തോളം ഉയരത്തില്‍ ആരവമുയര്‍ത്തി സ്വീകരിക്കുമെന്ന് ഉറപ്പാണ്.

കലാമേളയുടെ ഓര്‍മ്മപ്പുസ്തകത്തിലെ ആ പഴയ താളുകളൊന്നില്‍ മൂന്ന് വര്‍ഷം മുമ്പാണ് കലയുടെ വര്‍ണമഴ ഇവിടെ പെയ്തൊഴിഞ്ഞത്.അന്ന് തളിപ്പറമ്പ് പ്രതിഭകളെ വാരിപ്പുണര്‍ന്നിരുന്നു.മൂന്നാണ്ടുകള്‍ക്കിപ്പുറം കലയുടെ കൗമാരം കെെമെയ് മറന്നൊന്നാകുന്ന ആവേശ നാളുകള്‍ക്ക് ആതിഥ്യമേകാന്‍ എം.കെ ഇബ്രാഹിം ഉസ്താദിനും അരിയില്‍ ഉസ്താദിനും മമ്മു ഹാജിക്കും മാനേജര്‍ അസീസ് ഹാജിക്കും ജന്മമേകിയ മണ്ണ് ഒരുങ്ങിക്കഴിഞ്ഞു.പാരമ്പര്യത്തിന്‍െറയും സംസ്ക്കാരത്തിന്‍െറയും ശേഷിപ്പുകള്‍ കാത്ത് വെക്കുന്ന കലയുടെ നറുഭാവങ്ങള്‍ വിടരുന്ന ആവേശ നാളുകളെ നമുക്ക് വരവേല്‍ക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19503/musabakha-district-fest)