---
title: "ലഹരിക്കെതിരെയുള്ള ബോധവൽക്കരണം: വിസ്ഡം യൂത്ത് ബഹുജന സംഗമം നാളെ"
english_title: "Awareness against drugs by wisdom "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19443/awareness-against-drugs-by-wisdom"
published_at: "2022-01-06T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d69fd2db904_IMG-20220106-WA0032.jpg"
keywords: []
---

# ലഹരിക്കെതിരെയുള്ള ബോധവൽക്കരണം: വിസ്ഡം യൂത്ത് ബഹുജന സംഗമം നാളെ

> **Lead Summary:** തളിപ്പറമ്പ: രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയെ ബാധിക്കുന്നതും, സമൂഹത്തിനെ സർവ്വനാശത്തിലേക്ക് നയിക്കുന്നതുമായ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി വിസ്ഡം യൂത്ത് തളിപ്പറമ്പ ശാഖ ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നു. വളർന്നു വരുന്ന തലമുറയുടെ സർഗാത്മവും, ബുദ്ധിപരവുമായ ക്രയശേഷികളെ ഇല്ലായ്മ ചെയ്യുന്ന ലഹരികളുടെ ഉപയോഗം, യുവാക്കളെയും കുട്ടികളെയും ഏറെ ബാധിക്കുന്നതും കുടുംബത്തിൽ ഛിദ്രതകൾ സൃഷ്ടിക്കുന്നതുമായതിനാലാണ് നന്മ നിറഞ്ഞ സമൂഹ സൃഷ്ടിക്കായി 'പിടിമുറുക്കുന്ന ലഹരി കാലിടറുന്ന യുവത്വം' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ട് നിൽക്കുന്ന ധാർമ്മികതയിലൂന്നിയ ബോധവൽക്കരണ ശ്രമങ്ങൾക്ക് വിസ്ഡം യൂത്ത് തുടക്കം കുറിച്ചിട്ടുള്ളത്. ക്യാമ്പയിൻ തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ്കൃഷ്ണ ബി.കെ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ: രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയെ ബാധിക്കുന്നതും, സമൂഹത്തിനെ സർവ്വനാശത്തിലേക്ക് നയിക്കുന്നതുമായ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി വിസ്ഡം യൂത്ത് തളിപ്പറമ്പ ശാഖ ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നു. വളർന്നു വരുന്ന തലമുറയുടെ സർഗാത്മവും, ബുദ്ധിപരവുമായ ക്രയശേഷികളെ ഇല്ലായ്മ ചെയ്യുന്ന ലഹരികളുടെ ഉപയോഗം, യുവാക്കളെയും കുട്ടികളെയും ഏറെ ബാധിക്കുന്നതും കുടുംബത്തിൽ ഛിദ്രതകൾ സൃഷ്ടിക്കുന്നതുമായതിനാലാണ് നന്മ നിറഞ്ഞ സമൂഹ സൃഷ്ടിക്കായി 'പിടിമുറുക്കുന്ന ലഹരി കാലിടറുന്ന യുവത്വം' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ട് നിൽക്കുന്ന ധാർമ്മികതയിലൂന്നിയ ബോധവൽക്കരണ ശ്രമങ്ങൾക്ക് വിസ്ഡം യൂത്ത് തുടക്കം കുറിച്ചിട്ടുള്ളത്. ക്യാമ്പയിൻ തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ്കൃഷ്ണ ബി.കെ ഉദ്ഘാടനം ചെയ്തു.

ലഹരി ഉപയോഗത്തിലൂടെയുള്ള കുറ്റകൃത്യങ്ങൾ, കൊലപാതകം, ആത്മഹത്യ, ദാമ്പത്യ തകർച്ചകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്കെതിരെ ജനമ്പർക്ക പരിപാടികൾ, സന്ദേശ രേഖാ വിതരണം, ബോധവൽക്കരണ കുടുംബ സംഗമങ്ങൾ, ടേബിൾ ടോക്ക്, ലഹരിക്കടിമകളായവർക്കുള്ള ടെലി കൗൺസിലിംഗ് , ഡി അഡിക്ഷൻ സൗകര്യങ്ങൾ എന്നിവ നടത്തിവരുന്നു. പൊതുജന ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ യാത്രയും ആരംഭിച്ചു.

ക്യാമ്പയിനിൻ്റെ ഭാഗമായുള്ള  ബഹുജന സംഗമം നാളെ വൈകു. 5 മണിക്ക് സയ്യദ് നഗറിൽ വെച്ച് നടക്കും. ബഹുജന സംഗമം വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി ഷബീർ കൈതേരി ഉദ്ഘാടനം ചെയ്യും.

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മുജാഹിദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണം നിർവഹിക്കും. എക്സൈസ് പ്രിവ.ഓഫീസർ ഷാജി വി.വി, തളിപ്പറമ്പ നഗരസഭ കൗൺസിലർ പി.സി നസീർ, തളിപ്പറമ്പ സലഫി മസ്ജിദ് ഖതീബ് ശരീഫ് കാര എന്നിവർ സംസാരിക്കും.

പത്രസമ്മേളനത്തിൽ പി.കെ ഹാഷിം, ഫൈസൽ ടി.പി, അയ്യൂബ് കെ.കെ, പി.എം മൻസൂർ അലി, ടി.കെ ഉബൈദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19443/awareness-against-drugs-by-wisdom)