---
title: "പാപ്പിനിശ്ശേരി, വേളാപുരം-മാങ്കടവ്- പറശ്ശിനിക്കടവ് റോഡ് അടച്ചു; അടിപ്പാതയ്ക്ക് വേണ്ടി ആക്ഷൻ കമ്മറ്റി ഹൈക്കോടതിയിലേക്ക്"
english_title: "Action Committee to High Court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194306/action-committee-to-high-court"
published_at: "2024-03-25T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660157f164980_news-card.jpg"
keywords: []
---

# പാപ്പിനിശ്ശേരി, വേളാപുരം-മാങ്കടവ്- പറശ്ശിനിക്കടവ് റോഡ് അടച്ചു; അടിപ്പാതയ്ക്ക് വേണ്ടി ആക്ഷൻ കമ്മറ്റി ഹൈക്കോടതിയിലേക്ക്

> **Lead Summary:** **പാപ്പിനിശ്ശേരി: **കേന്ദ്ര സർക്കാറിൻ്റെ ഭാഗത്തുനിന്നും അനുകലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞത്. ദേശീയ പാത ആറുവരിയാക്കുന്നതിൻ്റെ ഭാഗമായി വേളാപുരത്ത് അടിപ്പാത വേണമെന്ന ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിക്ഷേധം നിലനിൽക്കേയാണ് ദേശീയപാതാ അധികൃതർ മാങ്കടവ് റോഡ് അടച്ചത്. ദിനംപ്രതി വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് ആൾക്കാർ സഞ്ചരിക്കുന്ന റോഡാണ് ബദൽ സംവിധാനം ഏർപ്പെടുത്താതെ അടച്ചത്.

## Article Content

**പാപ്പിനിശ്ശേരി: **കേന്ദ്ര സർക്കാറിൻ്റെ ഭാഗത്തുനിന്നും അനുകലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞത്. ദേശീയ പാത ആറുവരിയാക്കുന്നതിൻ്റെ ഭാഗമായി വേളാപുരത്ത് അടിപ്പാത വേണമെന്ന ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിക്ഷേധം നിലനിൽക്കേയാണ് ദേശീയപാതാ അധികൃതർ മാങ്കടവ് റോഡ് അടച്ചത്. ദിനംപ്രതി വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് ആൾക്കാർ സഞ്ചരിക്കുന്ന റോഡാണ് ബദൽ സംവിധാനം ഏർപ്പെടുത്താതെ അടച്ചത്.

റോഡ് പ്രവർത്തി നടക്കുന്ന പ്രദേശത്തുകൂടി വളരെ യാതനയോടെയാണ് നാട്ടുകാർ ഇതുവഴി കടന്നു പോകുന്നത്. നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന രീതിയിലുള്ള വികസനമാണ് ഇവിടെ നടക്കുന്നതെന്നാണ് പരക്കെ ആക്ഷേപം. ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെൻ്റ ഹയർ സെക്കൻ്ററി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും, പാപ്പിനിശ്ശേരി വില്ലേജ് ആപീസിൽ പോകുന്നവരും വാഹനങ്ങളിൽ പോകുമ്പോൾ 600-700- മീററർ യാത്ര ചെയ്യേണ്ടതിന് പകരം 3 കിലോമീറ്റർ കൂടുതൽ യാത്ര ചെയ്യേണ്ടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.

വേളാപുരം ഹൈവേയിൽ അടിപ്പാത അനുവദിക്കാത്തതുമൂലം യാത്രാ തടസം നേരിടേണ്ടി വരുന്നത് അരോളിയിലെ റേഷൻ കട, വളരെ പ്രശസ്തമായ പാലോട്ട് വലിയകാവ്, പാപ്പിനിശ്ശേരി വില്ലേജ് ഓഫീസ്, അരോളി ഗവൺമെന്റ് ഹൈസ്കൂൾ, കല്ലേയ്ക്കൽ ജുമാ മസ്ജിദ്, ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നാടാച്ചേരി കാവ്, വാചാക്കൽ എൽപി സ്കൂൾ, എന്നീ പ്രദേശത്തേക്കുള്ള യാത്രയാണ് തടസ്സമാകുന്നത്.

മാങ്കടവ് പറശ്ശിനിക്കടവ് റൂട്ടിൽ ഇപ്പോൾ 12 ഓളം ബസ്സുകൾ സർവീസ് നടത്തി വരുന്നു. ബസ്സുകൾക്ക്' പുറമെ കാറ്, ലോറി ഇരുചക്രവാഹനങ്ങൾ എന്നിവ മൂന്നു കിലോമീറ്ററോളം ചുറ്റി കീച്ചേരി കവല വഴി പാലോട്ടുകാവു റോഡ് വഴിയാണ് ഇപ്പോൾ മാങ്കടവിലേക്കും പറശിനിക്കടവിലേക്കും പോയി വരുന്നത്. ഇതുവഴി യാത്ര പോകുന്നത് കൂടുതൽ പ്രയാസ മായതിനാൽ ബസുകളുടെ എണ്ണം കുറയുന്നതിനൊ റൂട്ട് ഒഴിവാക്കുവാനൊ സാധ്യതയുണ്ടെന്നാണ് ബസ് ഉടമകൾ പറയുന്നത്. ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന വികസന പ്രവർത്തനമാണ് ദേശീയ പാത അധികൃതർ വേളാപുരത്ത് ഉണ്ടാക്കിയതെന്നാണ് ആക്ഷൻ കമ്മറ്റി ഭാരവാഹികളുടെ ആക്ഷേപം.

അതുകൊണ്ട് ഹൈവേ അധികൃത അടിപ്പാത അനുവദിച്ച് ജനങ്ങളുടെ യാത്ര സൗകര്യം സുഗമമാക്കണമെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അധികൃതരോട് ആവശ്യപ്പെട്ടു. വേളാപുരത്ത് അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം ദിനം പ്രതി ശക്തിപ്രാപിച്ചുവരികയാണ്.

ഇതിനകം ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും കേന്ദ്രമന്ത്രിയെയും ജില്ലാ കലക്ടറെയും ദേശീയപാത അധികൃതരേയും സന്ദർശിച്ച് അടിപ്പാതയ്ക്കായി നിവേദനങ്ങളും പരാതികളും ബോധിപ്പിച്ചിട്ടുണ്ട്. അധികാരികളിൽ നിന്ന് അനുകൂല സമീപനം ഇതേ വരെ ഇല്ലാത്ത സാഹചര്യത്തിൽ ഹൈക്കോടതിയിൽ കേസ് നൽകേണ്ടുന്ന കാര്യങ്ങൾ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിയെടുത്തു കഴിഞ്ഞു. ഏറ്റവും അടുത്തദിവസം തന്നെ ഹൈക്കോടതിയിൽ പരാതി സമർപ്പിക്കും. ഇതിനാവശ്യമായ ചിലവുകൾ സ്വരൂപിച്ചുകഴിഞ്ഞെന്നാണ് കമ്മറ്റി ഭാരവാഹികൾ പറയുന്നത്. ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നാണ് ആക്ഷൻ കമ്മറ്റി അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194306/action-committee-to-high-court)