---
title: "ശുദ്ധജല പദ്ധതിക്കെതിരെ ചപ്പാരപ്പടവ് പഞ്ചായത്തിൽ വൻപ്രതിഷേധം, പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നൽകി"
english_title: "panchayat issued a stop memo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19402/panchayat-issued-a-stop-memo"
published_at: "2022-01-06T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d675c584d35_Chapparappadavu_Grama_Panchayath_Office.jpg"
keywords: []
---

# ശുദ്ധജല പദ്ധതിക്കെതിരെ ചപ്പാരപ്പടവ് പഞ്ചായത്തിൽ വൻപ്രതിഷേധം, പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നൽകി

> **Lead Summary:** സർക്കാർ നൽകിയ വാഗ്ദാനം നടപ്പാക്കാതെ പയ്യന്നൂർ ശുദ്ധജല വിതരണ പദ്ധതി പുനരാരംഭിച്ചത് ചപ്പാരപ്പടവ് പഞ്ചായത്തിൽ വൻ പ്രതിഷേധത്തിനു കാരണമായി. ഇതിനെതിരെ പഞ്ചായത്ത് സ്റ്റോപ് മെമ്മോയും നൽകി. പഞ്ചായത്തിലെ കൂവേരി പുഴയിൽ കിണർ കുഴിച്ച് പയ്യന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പദ്ധതിയാണിത്.

## Article Content

സർക്കാർ നൽകിയ വാഗ്ദാനം നടപ്പാക്കാതെ പയ്യന്നൂർ ശുദ്ധജല വിതരണ പദ്ധതി പുനരാരംഭിച്ചത് ചപ്പാരപ്പടവ് പഞ്ചായത്തിൽ വൻ പ്രതിഷേധത്തിനു കാരണമായി. ഇതിനെതിരെ പഞ്ചായത്ത് സ്റ്റോപ് മെമ്മോയും നൽകി. പഞ്ചായത്തിലെ കൂവേരി പുഴയിൽ കിണർ കുഴിച്ച് പയ്യന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പദ്ധതിയാണിത്.

14 വർഷം മുൻപ് ആരംഭിച്ച പദ്ധതി കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. പദ്ധതി നിർദേശത്തിന്റെ ആരംഭത്തിൽ തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. വരൾച്ച പതിവായ കൂവേരിയിലെയും സമീപപ്രദേശങ്ങളിലെയും ജലക്ഷാമം വീണ്ടും വർധിക്കുമെന്ന ജനങ്ങളുടെ ആശങ്കയാണ് ഇതിനു കാരണം.

ചപ്പാരപ്പടവ് പുഴയിലെ അപ്പച്ചി കയത്തിനു സമീപം കിണർ കുഴിക്കാനാണ് ആദ്യം തീരുമാനിച്ചത്. പ്രതിഷേധം ശക്തമായപ്പോഴാണ് കൂവേരി പുഴയിലെ കൊടുംകയത്ത് കിണർ നിർമിക്കാൻ തീരുമാനമായത്. എന്നിട്ടും പ്രതിഷേധം തുടർന്നപ്പോൾ അന്നത്തെ ജലസേചന മന്ത്രിയുടെയും സ്ഥലം എംപിയുടെയും സാന്നിധ്യത്തിൽ ചർച്ച നടത്തുകയും പയ്യന്നൂർ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കുന്നതിനു മുൻപ് ഇവിടങ്ങളിലെ ജലക്ഷാമം പരിഹരിക്കാൻ കാട്ടാമ്പള്ളിയിൽ റഗുലേറ്റർ കം ബ്രിജ് (ആർസിബി) നിർമിക്കാൻ ധാരണയായി.

തുടർന്ന് ആർസിബി നിർമാണത്തിന്റെ ഉദ്ഘാടനം ഏറെ കൊട്ടിഘോഷിച്ചു നടന്നു. അഹമ്മാബാദിലെ ഒരു കമ്പനിയാണ് പണി കരാർ എടുത്തത്. എന്നാൽ പിന്നീട് തുക കുറവാണെന്നു ചൂണ്ടിക്കാട്ടി കമ്പനി പണി നിർത്തി. ഇതിനിടെ കാട്ടാമ്പള്ളി പുഴയിൽ നിന്ന് വൻതോതിൽ മണൽ വാരി കടത്തി. ഒട്ടേറെ മരങ്ങളും മുറിച്ചെടുത്തു. ധാരണയ്ക്കു വിരുദ്ധമായി ആർസിബി നിർമിക്കാതെ കഴിഞ്ഞ ദിവസം പണി പുനരാരംഭിച്ചതാണ് വീണ്ടും പ്രതിഷേധത്തിനു കാരണമായത്.

ആർസിബി നിർമിക്കാതെ ശുദ്ധജല വിതരണ പദ്ധതി അനുവദിക്കില്ലെന്ന് പഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.മൈമൂനത്ത്, മനോജ് കൂവേരി, ടി.വി.പത്മനാഭൻ, ഒ.പി.ഇബ്രാഹിംകുട്ടി, ജോൺ മുണ്ടുപാലം, പി.വി.ബാബുരാജ്, എം.പ്രകാശൻ, എം.ഇസ്മായിൽ, പ്രഫ.പി.ലക്ഷ്മണൻ, ടി.മൊയ്തു, ജിജോ മംഗര എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19402/panchayat-issued-a-stop-memo)