---
title: "സർവ്വേ കല്ല് എടുത്തു മാറ്റിയാൽ കെ റെയിൽ ഇല്ലാതാകില്ല, കോടിയേരി "
english_title: "Kodiyeri balakrishnan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19339/kodiyeri-balakrishnan"
published_at: "2022-01-05T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5afbf429ee_kodiyeri_balakrishnan.jpg"
keywords: []
---

# സർവ്വേ കല്ല് എടുത്തു മാറ്റിയാൽ കെ റെയിൽ ഇല്ലാതാകില്ല, കോടിയേരി 

> **Lead Summary:** സർവെക്കല്ല് എടുത്തുമാറ്റിയാല്‍ കെ-റെയില്‍ പദ്ധതി ഇല്ലാതാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

## Article Content

സർവെക്കല്ല് എടുത്തുമാറ്റിയാല്‍ കെ-റെയില്‍ പദ്ധതി ഇല്ലാതാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സര്‍വേയ്ക്ക് ആധുനിക സംവിധാനമുണ്ട്. കുറച്ച് കോണ്‍ഗ്രസുകാര്‍ മാത്രമാണ് എതിര്‍ക്കുന്നത്. പദ്ധതി തടയാന്‍ യു.ഡി.എഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റേത് വീരസ്യം പറച്ചിലാണ്. യുദ്ധം ചെയ്യാനുള്ള കെല്‍പ്പൊന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസുകാര്‍ മാത്രമാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്.

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്ക് അനുകൂലമാണെന്നും ഇത്തരത്തില്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒറ്റപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു സര്‍വേക്കല്ലെടുത്ത് മാറ്റിയത് കൊണ്ട് കെ-റെയില്‍ പദ്ധതി ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനം സംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണ്.

ആഭ്യന്തര വകുപ്പിന് മാത്രമായി ഒരു മന്ത്രി വേണമെന്ന തരത്തില്‍ സമ്മേളന പ്രതിനിധികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. വാര്‍ത്ത വക്രീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണമെന്നും കോടിയേരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19339/kodiyeri-balakrishnan)