---
title: "മാവേലി എക്‌സ്പ്രസിലെ പൊലീസ് മര്‍ദ്ദനം; രണ്ടാം ദിവസവും യാത്രക്കാരനെ കണ്ടെത്താനായില്ല"
english_title: "Police harassment on Maveli Express; The passenger could not be found on the second day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19132/police-harassment-on-maveli-express-the-passenger-could-not-be-found-on-the-second-day"
published_at: "2022-01-04T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d418441305c_df7d5d52-ef3c-4478-8841-a4baac4eb349.jpg"
keywords: []
---

# മാവേലി എക്‌സ്പ്രസിലെ പൊലീസ് മര്‍ദ്ദനം; രണ്ടാം ദിവസവും യാത്രക്കാരനെ കണ്ടെത്താനായില്ല

> **Lead Summary:** മാവേലി എക്‌സ്പ്രസില്‍ പൊലീസ് മര്‍ദ്ദിച്ച് അവശനാക്കി വടകര സ്റ്റേഷനില്‍ ഇറക്കി വിട്ട യാത്രക്കാനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. യാത്രക്കാരനെ തിരിച്ചറിയാത്തതും ആ സമയം കേസെടുക്കാഞ്ഞതും ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

## Article Content

മാവേലി എക്‌സ്പ്രസില്‍ പൊലീസ് മര്‍ദ്ദിച്ച് അവശനാക്കി വടകര സ്റ്റേഷനില്‍ ഇറക്കി വിട്ട യാത്രക്കാനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. യാത്രക്കാരനെ തിരിച്ചറിയാത്തതും ആ സമയം കേസെടുക്കാഞ്ഞതും ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അതേസമയം ബൂട്ടു കൊണ്ട് ചവിട്ടിയതിന് സസ്‌പെന്‍ഷനിലായ എഎസ്‌ഐ എംസി പ്രമോദിനെതിരെ ഇനി വിശദ അന്വേഷണം നടക്കും. ഞായറാഴ്ച രാത്രി വടകര സ്റ്റേഷനില്‍ എഎസ്‌ഐ ചവിട്ടി ഇറക്കിയ യാത്രക്കാരന്‍ എവിടെ എന്ന ചോദ്യത്തിന് 48 മണിക്കൂറിന് ശേഷവും ഉത്തരമില്ല. ഇയാളെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടിരുന്നു എന്ന് മൊഴി കിട്ടിയിരുന്നെങ്കിലും ആളാരെന്ന് ഉറപ്പിക്കാനാകുന്നില്ല.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവികള്‍ പൊലീസ് പരിശോധിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ല്‍ വ്യാപക അന്വേഷണവും നടത്തി. മര്‍ദ്ദനത്തില്‍ അവശനായ ഇയാളുടെ ആരോഗ്യ നില സംബന്ധിച്ചും ആശങ്കയുണ്ട്.

ബൂട്ടുകൊണ്ട് യാത്രക്കാരനെ നെഞ്ചില്‍ ചവിട്ടിയതിന് സസ്‌പെന്‍ഷനിലായ എഎസ്‌ഐ എംസി പ്രമോദിനെതിരെ ഇനി വിശദ അന്വേഷണം നടത്തും. ട്രെയിനില്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇറക്കിവിട്ടതെന്നാണ് ഇയാളുടെ വാദം. എങ്കില്‍ എന്ത് കൊണ്ട് വൈദ്യ പരിശോധന നടത്തുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തില്ല എന്ന ചോദ്യമാണ് അന്വേഷണ സംഘം ഉയര്‍ത്തിയത്.

ഇതില്‍ വ്യക്തത വരാന്‍ എസ്ടു കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടത്തും. അതേസമയം ട്രെയിന് അകത്തുണ്ടായ സുരക്ഷ വീഴ്ച സംബന്ധിച്ച് ആര്‍പിഎഫും പാലക്കാട് ഡിവിഷനും അന്വേഷണം നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19132/police-harassment-on-maveli-express-the-passenger-could-not-be-found-on-the-second-day)