---
title: "മുസ്ലിം ലീഗ് പ്രവർത്തകർ മുന്നിട്ടിറങ്ങി ക്ഷേത്രത്തിലേക്കുള്ള റോഡ് സാധ്യമാക്കി"
english_title: "Muslim League activists stepped forward and paved the way to the temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19024/muslim-league-activists-stepped-forward-and-paved-the-way-to-the-temple"
published_at: "2022-01-03T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d31c7f10023_5b5f0a5f-9311-4270-a0ba-d0c5585fec4b.jpg"
keywords: []
---

# മുസ്ലിം ലീഗ് പ്രവർത്തകർ മുന്നിട്ടിറങ്ങി ക്ഷേത്രത്തിലേക്കുള്ള റോഡ് സാധ്യമാക്കി

> **Lead Summary:** മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്കുള്ള റോഡ് സാധ്യമായി. ഞായറാഴ്ച റോഡ് പണിക്ക് തുടക്കംകുറിച്ചു.

## Article Content

മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്കുള്ള റോഡ് സാധ്യമായി. ഞായറാഴ്ച റോഡ് പണിക്ക് തുടക്കംകുറിച്ചു.

   നാലുഭാഗവും പുഴകളാൽ ചുറ്റപ്പെട്ട പ്രകൃതി രമണിയമായ ദ്വീപാണ് തേറളായി. ഈ ദ്വീപ്‌ പ്രദേശത്ത് 140 ഓളം കുടുംബങ്ങൾ താമസിച്ചു വരുന്നു. ഇതിൽ നാല് ഹിന്ദു കുടുംബങ്ങൾ മാത്രമാണ് ഉള്ളത്. ഇവിടെ 800 വർഷങ്ങൾ പഴക്കമുണ്ടെന്നു പറയപ്പെടുന്ന ചെറിയ ശിവക്ഷേത്രം വളപട്ടണം പുഴയുടെ തീരത്തുള്ള മോലത്തം കുന്നിൽ സ്ഥിതി ചെയ്യുന്നു. റോഡ് സൗകര്യം ക്ഷേത്രത്തിന് 400 മീറ്റർ ദൂരെവരെ മാത്രമേയുള്ളൂ.

ഇത് ക്ഷേത്രത്തിലേക്ക് പുറംനാടുകളിൽ നിന്ന് വരുന്ന വിശ്വാസികൾക്ക് വളരെ പ്രയാസമുണ്ടാക്കിയിരുന്നു. ക്ഷേത്ര പരിസരത്തേക്ക്‌ റോഡ് ഇല്ലാത്തതിനാൽ കാലപഴക്കം ചെന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണവും നടത്താൻ പറ്റാതെ കിടക്കുകയായിരുന്നു.

ക്ഷേത്ര പൂജാരിയുമായ വാസുദേവൻ നമ്പൂതിരി വളരെ കാലമായിഒരു റോഡ് ഉണ്ടാക്കി തരണമെന്ന് ചങ്ങളായി പഞ്ചായത്ത് മെമ്പറും ലീഗ് നേതാവുമായ മൂസാൻ കുട്ടി തേറളായിയോടും മറ്റു പ്രവർത്തകരോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു. 400 മീറ്റർവരുന്ന റോഡ് പുതുതായി ഉണ്ടാക്കാൻ ഭൂ ഉടമകളുടെ സമ്മതമാണ് തടസമായിരുന്നത്.

ഇടതിങ്ങി വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ചിലരുടെ വിട്ടു മറ്റത്തോടു ചേർന്ന് പോകേണ്ട അവസ്ഥയായതിനാൽ പല പ്രശ്നങ്ങളും ഉയർന്നു വന്നു. ഭൂ ഉടമകളെ കണ്ട് സമ്മതം വാങ്ങി റോഡ് നിർമ്മിച്ചു നൽകാൻ തേറളായി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങിയതോടെ എല്ലാവരും പൂർണ്ണ പിന്തുണ നൽകി. ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള ക്ഷേത്രത്തിന്ന് 50 സെന്റ് സ്ഥലമുണ്ട്. ഇവടെ ഒരു കാലത്ത് ചുറ്റമ്പലമുണ്ടായിരുന്നു. നിവേദ്യവും , പൂജയും ഇവിടെ മുറതെറ്റാതെ നടന്നു വരുന്നുണ്ട്.

എല്ലാ വർഷവും കർക്കിട സംക്രമവും നടന്നു വരുന്നു. തേർതമല്ലിശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയാണ് പൂജാരി. ഞായറാഴ്ച്ച നടന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ മൂസാൻകുട്ടി തേറളായി, തേറളായി ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ ഖാദർ, സെക്രട്ടറി ഇഫ്സു റഹിമാൻ, ബശീർ വി.കമറുദ്ധീൻ, സി. ഗഫൂർ കെ. ഉനൈസ്, റഫീഖ് തേറളായി, അശ്റഫ് കെ പി അഫ്സൽ കെ.വി , ജാബിർ ടി.വി, ഇർഷാദ് കെ.പി, ഷരീഫ് പി, മുസ്തഫ പി എന്നിവർ നേതൃത്വം നൽകി.

മത സാഹോദര്യത്തിൻ്റെ പുത്തൻ മാതൃക തീർത്ത തെറളായിയിലെ ലീഗ് പ്രവർത്തകർക്ക് നാടിൻ്റെ എല്ലാ ഭാഗത്തു നിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. റോഡ് നിർമ്മാണം പൂർത്തിയായതിനു ശേഷം പഞ്ചായത്ത് പ്രസിഡണ്ട്, എം.എൽ.എ, എം.പി എന്നിവരുമായി ബന്ഡപ്പെട്ട് പൂണ്ണമായും ടാർ ചെയ്തു ഗതാഗത യോഗ്യമക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ മൂസാൻകുട്ടി തെറളായി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19024/muslim-league-activists-stepped-forward-and-paved-the-way-to-the-temple)