---
title: "പി കെ സുബൈർ എം വി ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണനും എഴുതിയ കത്ത് വൈറലായി"
english_title: "The letter written by PK Subair "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18990/the-letter-written-by-pk-subair"
published_at: "2022-01-03T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2e9a502253_news card.jpg"
keywords: []
---

# പി കെ സുബൈർ എം വി ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണനും എഴുതിയ കത്ത് വൈറലായി

> **Lead Summary:** **തളിപ്പറമ്പ് : **മുസ്ലിം ലീഗ് നേതാവ് പി കെ സുബൈർ കഴിഞ്ഞ ദിവസം നടന്ന ഒരു മിശ്രവിവാഹവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണനും എഴുതിയ തുറന്ന കത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.

## Article Content

**തളിപ്പറമ്പ് : **മുസ്ലിം ലീഗ് നേതാവ് പി കെ സുബൈർ കഴിഞ്ഞ ദിവസം നടന്ന ഒരു മിശ്രവിവാഹവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണനും എഴുതിയ തുറന്ന കത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.

കത്തിന്റെ പൂർണ്ണരൂപം താഴെ;

സർ,

സുഖം തന്നെയല്ലെ, ക്ഷേമം നേരുന്നു.

ഭിന്ന മതങ്ങളിൽപ്പെട്ട തളിപ്പറമ്പ ചുടലയിലുള്ള സഹലയും ഡി.വൈ.എഫ്.ഐ. പ്രദേശിക നേതാവ് പ്രഭാതും തമ്മിലുള്ള വിവാഹം തളിപ്പറമ്പ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് സി.പി.എം പ്രാദേശിക നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്നുവല്ലോ. സഹലയുടെ പൂർണ്ണ സമ്മതത്തോടെ നേരത്തെ വീട്ടുകാർ നിശ്ചയിച്ച നിക്കാഹ് കർമ്മം ജനുവരി 6 ന് നടക്കാനിരിക്കെയാണ് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് പോയി പ്രഭാതുമായുള്ള വിവാഹം നിങ്ങളെല്ലാവരും ചേർന്ന് നടത്തിയത്. ശേഷം ഇരുവരെയും സി.പി.എം.തളിപ്പറമ്പ് ഏരിയ ഓഫീസിലേക്ക് ആനയിക്കുകയും മധുരം പങ്കിടുകയും വധൂവരൻമാർക്കൊപ്പം ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു.

മിശ്രവിവാഹത്തിന്റെ നൈതികത ചർച്ച ചെയ്യാനല്ല ഈ കത്ത്. 40 ൽ എത്തി നിൽക്കുന്ന പ്രഭാതിനും 19 വയസ്സുള്ള സഹലയ്ക്കും നിയമം അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഞാൻ ചോദ്യം ചെയ്യുന്നുമില്ല. നിങ്ങളുടെ സാന്നിദ്ധ്യവും സി.പി.എമ്മിന്റെ തനിനിറം അറിയുന്നവർക്ക് അത്ഭുതമല്ല. പക്ഷേ സങ്കടത്തോടെ ചില കാര്യങ്ങൾ ഉണർത്തുവാനാണ് ഈ എഴുത്ത്.

കൃഷ്ണേട്ടന് സഹലയുടെ കുടുംബത്തെ നന്നായി അറിയാമല്ലോ. കൊടിയ ദാരിദ്ര്യവും ഒപ്പം അപൂർവ്വ രോഗവും ഒന്നിച്ച് തളർത്തിയ കുടുംബമാണത്. വീട്ടിലെ വരാന്തയിൽ കൈകാലുകൾക്ക് സ്വാധീനമില്ലാതെ വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന സഹലയുടെ പിതാവിന്റെ ദൈന്യതയാർന്ന മുഖം നിങ്ങളുടെ മനസ്സിൽ തെളിയുന്നില്ലെ.ഇടത്തെ മുറിയിൽ അതേ രോഗത്താൽ തളർന്നിരിക്കുന്ന അദ്ദേഹത്തിന്റെ സഹോദരനെ നിങ്ങൾക്ക് അറിയാത്തതാണോ. വലത് ഭാഗത്തെ മുറിയിൽ സഹലയുടെ ഉപ്പയുടെ മൂത്ത പെങ്ങൾ ഇതേ രോഗത്താൽ വർഷങ്ങളായി കിടപ്പിലാണെന്നതും നമുക്കെല്ലാം അറിയാം. തൊട്ടടുത്ത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സഹോദരിയും വീൽ ചെയറിൽ തന്നെയല്ലെ-

പത്തിരുപത് വർഷമായി അപൂർവ്വ രോഗം ബാധിച്ച് ശയ്യാവലംബിയായി ഒരു കുടുംബത്തിലെ നാല് പേർ ഒരേ വീട്ടിൽ --- ഹൊ, ഇതെന്തൊരു പരീക്ഷണമാണ് എന്ന് ആശ്ചര്യപ്പെടാത്തവരുണ്ടോ സാർ. പിന്നെയുള്ളത് പ്രായമുളള വല്യുമ്മയല്ലെ. മറ്റൊരു കഠിന രോഗത്താൽ പ്രയാസപ്പെടുന്ന സഹലയുടെ ഉമ്മയും ആ കുടുംബത്തിലെ മറ്റൊരു വേദനയല്ലെ സാർ.

സത്യത്തിൽ പൂർണ്ണ ആരോഗ്യള്ള ഏക അംഗം സഹല മാത്രമാണെന്നത് നിങ്ങൾക്ക് അറിയാത്തതാണോ. ജീവിതത്തിലൊരിക്കൽ പോലും സന്തോഷമെന്തെന്നറിയാത്ത കുടുംബത്തിന് ബഹുമാനപ്പെട്ട എം.എ. യൂസഫലി നാല് കൊല്ലം മുമ്പ് പണിതു കൊടുത്ത വീട്ടിൽ നടക്കേണ്ട ആദ്യത്തെ സന്തോഷമാണ് നിങ്ങൾ പറിച്ചു കൊണ്ട് പോയത്. പഴയ പാർട്ടി ഗ്രാമമെന്ന അഹന്തയിൽ തിരഞ്ഞെടുപ്പ് വേളകളിൽ ഹരിത രാഷ്ട്രീയം മനസ്സിൽ ലാളിക്കുന്ന ആ സാധുക്കളുടെ ഓപ്പൺ വോട്ട് പാട്ടിലാക്കാൻ ദിവസങ്ങൾ കയറിയിറങ്ങാറുള്ള നിങ്ങൾക്ക് ഈ കടും കൈ ചെയ്യുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കാമായിരുന്നില്ലെ.

സഹലയുടെ പൂർണ്ണ സമ്മതത്തോടെ നിശ്ചയിച്ച നിക്കാഹ് ആണ് നടക്കാനിരുന്നതെന്ന് നിങ്ങൾ ഓർക്കണം. പ്രഭാതിനെ കുറിച്ച് അവൾ പറഞ്ഞതേയില്ല. സഹായിക്കാനാണെന്ന വ്യാജേന വീട്ടിൽ വരാറുള്ള പ്രഭാതിന്റെ ഇടക്കണ്ണ് ആ കുടുംബം ശ്രദ്ധിച്ചതുമില്ല.... ബാപ്പയുടെ വലിയ ആഗ്രഹമായിരുന്നു ആ ഏക മകളുടെ കല്യാണം. അത് കൊണ്ട് ആരെങ്കിലും സഹായിക്കുന്നതെല്ലാം പെറുക്കി കൂട്ടി വെച്ച് ആ സാധു മനുഷ്യൻ രണ്ട് വർഷം മുമ്പേ ഒരുങ്ങി. ബെഡ് റൂമും ഒരുക്കിയിരുന്നു.

എല്ലാവർക്കും ഡ്രസ് വാങ്ങാൻ ഉച്ചയ്ക്ക് ശേഷം പോകാമെന്ന് പറഞ്ഞ സഹലയെയാണ് നിങ്ങൾ വിളിച്ചു കൊണ്ട് പോയത്. എന്തൊരു ക്രൂരതയാണ് സാർ ഇത്. അവസാന പ്രതീക്ഷയും മാഞ്ഞു പോയത് കണ്ട് ആ പാവങ്ങളുടെ ഹൃദയം തകർന്നു പോകില്ലെ .ഈ അരുതായ്മക്ക് കൂട്ടുനിൽക്കാതെ വിട്ട് നിന്ന പ്രഭാതിന്റെ കുടുംബത്തിന്റെ ഔചിത്യബോധം പോലും പൊതു മണ്ഡലത്തിൽ തഴച്ചു വളർന്ന നിങ്ങൾക്കില്ലാതെ പോയല്ലോ സഖാവേ, കഷ്ടം! ഞാനൊന്ന് ചോദിക്കട്ടെ, അവൾ സ്വയം ഇറങ്ങി വന്നതാണെങ്കിൽ എന്തിനാ ഒളിച്ചു കഴിയുന്നത്.

പരസ്യമായി വിവാഹം കഴിച്ചവർ എന്തിന് ആ സാധുക്കളായ ബാപ്പക്കും ഉമ്മക്കും ബന്ധപ്പെടാൻ പറ്റാത്ത വിധം ഫോൺ ഓഫ് ചെയ്തും മറ്റും എല്ലാ കമ്മ്യൂണിക്കേഷനും മുറിച്ചു കളയണം. മകൾ സുരക്ഷിതമാണെന്ന് അറിയാനുള്ള അവകാശം അവർക്കില്ലെ. എന്താ സഖാക്കളെ ഇതൊക്കെ ---- കൃഷ്ണേട്ടാ നമ്മളൊക്കെ പൊതുപ്രവർത്തകരാണ്. അത് കൊണ്ട് പറയുകയാണ്. എത്രയും പെട്ടെന്ന് ആ മോളെ അവളുടെ വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ നിങ്ങൾ മുൻകൈ എടുക്കണം.

അവളില്ലാതെ ആ കുടുംബത്തിന് ഒരു നിമിഷം ജീവിക്കാൻ കഴിയില്ല. വയ്യാത്ത ഉപ്പയ്ക്ക് കൃത്യസമയത്ത് മരുന്നു കൊടുക്കാൻ അവൾ വേണം, രോഗം കൊണ്ട് വലയുന്ന ഉമ്മക്ക് ഒരു കൈത്താങ്ങാണവൾ , ഉപ്പാന്റെ സഹോദരന്റെ പ്രതീക്ഷയാണ് ആ കുട്ടി, ഉപ്പാന്റെ സഹോദരിമാരുടെ ആശ്വാസമാണ് അവൾ. പ്രായമായ വല്യുമ്മയുടെ കൺകുളിർമ്മയാണ് ആ മോള്. പൗര സ്വാതന്ത്ര്യം പറഞ്ഞ് ഏത് തെമ്മാടിത്തരത്തിനും കൂട്ട് നിൽക്കാനുള്ളതല്ല നേതാക്കളും പാർട്ടി ഓഫീസും.

നിങ്ങൾ ഒരു പാർട്ടി പ്രവർത്തകന്റെ അനർഹ മോഹങ്ങളെ പുഷ്പിക്കാൻ കൂട്ടുനിന്നതിലൂടെ ചവിട്ടിയരച്ചത് പച്ചപിടിച്ചു തുടങ്ങിയ ആറ് നിരാലംബരുടെ മോഹങ്ങളെയാണ്, അവരുടെ സ്വപ്നങ്ങളെയാണ്. അപേക്ഷിക്കുകയാണ് --- രജിസ്റ്റർ ചെയ്ത കല്യാണവും നിയപരവും മതപരവുമായ അതിന്റെ ശരിയും തെറ്റുമെല്ലാം മാറ്റി വെച്ച് തല്ക്കാലം അവളെ വീട്ടിലേക്ക് അയക്കുക. ഇനിയും സമയം ഉണ്ടല്ലോ -- തള്ളാനും കൊള്ളാനും. ഞാൻ ഇന്ന് ആ കുടുംബത്തെ കണ്ടിരുന്നു. എന്തൊരു സങ്കടമാണെന്നോ അവർക്ക്. കണ്ണീര് മാത്രം കണ്ടില്ല; ഒരായുസ്സ് മുഴുവൻ കരഞ്ഞ് തീർന്ന് ഉറവ വറ്റിയ കണ്ണുകളിൽ എവിടെ കണ്ണീർ. പക്ഷെ, ആ ഉപ്പയുടെയും ഉമ്മയുടെയും നെഞ്ച് പൊട്ടുന്ന ശബ്ദം കേൾക്കാം. ശാപമേൽക്കാതിരിക്കാനെങ്കിലും നിങ്ങൾ ഇടപെട്ട് അവളുടെ കയ്യിൽ ഫോൺ കൊടുത്ത് ഒന്നു വിളിപ്പിക്കുകയെങ്കിലും ചെയ്യ്. ആ മനുഷ്യർ അവരുടെ കരളിന്റെ കഷ്ണം കേൾക്കെ പൊട്ടിക്കരയുകയെങ്കിലും ചെയ്യട്ടെ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18990/the-letter-written-by-pk-subair)