---
title: "വെങ്ങര ഗവ. ഐടിഐക്ക് പുതിയ അക്കാദമിക് ബ്ലോക്ക്: ഉദ്ഘാടനം നാളെ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും"
english_title: "Vengara Govt.ITI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188508/vengara-govtiti"
published_at: "2024-03-01T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1588798672_news-card.jpg"
keywords: []
---

# വെങ്ങര ഗവ. ഐടിഐക്ക് പുതിയ അക്കാദമിക് ബ്ലോക്ക്: ഉദ്ഘാടനം നാളെ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും

> **Lead Summary:** വെങ്ങരയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിൻ്റെ അധീനതയിലുളള മാടായി ഐ.ടി.ഐ യുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മാർച്ച് 2ന് ഉച്ചക്ക് 2 മണിക്ക് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമവും ദേവസ്വവും വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

വെങ്ങരയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിൻ്റെ അധീനതയിലുളള മാടായി ഐ.ടി.ഐ യുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മാർച്ച് 2ന് ഉച്ചക്ക് 2 മണിക്ക് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമവും ദേവസ്വവും വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

  4 ട്രേഡുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ നാല് വർക്ക്ഷോപ്പുകൾ, നാല് തിയറി ക്ലാസുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഓഫീസ്, പ്രിൻസിപ്പൽ റൂം, സ്റ്റോർ റൂം, കോൺഫറൻസ് ഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് ബ്ലോക്കുകൾ ഉൾപ്പടെ 1112.22 ചതുരശ്ര മീറ്റർ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ 3.10 കോടി രൂപയാണ് അനുവദിച്ചത്. ഇതോടൊപ്പം പടിപ്പുരയോട് കൂടിയ ചുറ്റുമതിൽ നിർമ്മിക്കാൻ 33.80 ലക്ഷം രൂപയും അനുവദിച്ചു.

2021ഫിബ്രവരിയിൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്. നേരത്തെ പരിമിതമായ സൌകര്യങ്ങളോടുകൂടി പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് സൗകര്യപ്രദമായ കെട്ടിടം നിർമ്മിച്ചത്. 1957 ൽ തൊഴിൽ പരിശീലന കേന്ദ്രമായി ആരംഭിച്ച് വെൽഫയർ ട്രേയിനിംഗ് സെന്റർ എന്ന നിലയിൽ സ്ഥാപനത്തിൽ മരപ്പണി, ചൂരൽ പണി എന്നിവയിൽ നിരവധി പേർക്ക് പരമ്പരാഗത തൊഴിൽ നൈപുണ്യം പരിശീലനം നൽകിയ സ്ഥാപനത്തെ 1992 മുതൽ ഐ ടി ഐ യാക്കി ഉയർത്തുകയും തൊഴിൽ സാധ്യതയുള്ള എൻ.സി.വി.ടി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളായ പെയിൻ്റർ ജനറൽ (രണ്ടുവർഷം), പ്ലംബർ( ഒരു വർഷം) എന്നീ കോഴ്സുകളാണ് ഐ.ടി.ഐയിൽ നിലവിലുള്ളത്. ട്രേഡുകളിൽ വർഷത്തിൽ 64 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു.

ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സമയത്ത് ക്ലാസ്സിൽ എത്തിച്ചേരുവാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ, ഐ. ടി. ഐയോട് ചേർന്ന് 44 ട്രെയിനികൾക്ക് താമസിച്ചു പഠിക്കുന്നതിനുള്ള ഹോസ്റ്റൽ കെട്ടിടവും നേരത്തെ നിർമ്മിച്ചു നൽകി 2023-24 അദ്ധ്യയന വർഷം മുതൽ പ്രസ്തുത ഹോസ്റ്റൽ പ്രവർത്തനമാരംഭിക്കുകയും 20 കുട്ടികൾ താമസിച്ചു വരികയും ചെയ്യുന്നുണ്ട്. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ പെയിന്റർ ജനറൽ ട്രേഡ് പഠിപ്പിക്കുന്ന ഏക സ്ഥാപനമാണ് മാടായി .

നിലവിൽ (NCVT) അംഗികാരമുള്ള പെയിൻ്റർ ജനറൽ ട്രേഡിൽ രണ്ട് യൂണിറ്റുകളിലും പ്ലംബർ ട്രേഡിൽ ഒരു യൂണിറ്റിലുമായി 43 ട്രെയിനികൾക്ക് പരിശീലനം നൽകി വരുന്നു. അതിൽ 38 പേർ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവരും 5 പേർ മറ്റു വിഭാഗത്തിൽപ്പെട്ടവരുമാണ് വെങ്ങര ഐ ടി ഐ യുടെ വികസനത്തിന് 7.50 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത് ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് വർക്ക് ഷോപ്പുകളും, ഒരു മൾട്ടി പർപ്പസ് ഹാളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വരുന്നതോടെ മികവിൻ്റെ കേന്ദ്രമായി മാടായി ഐ ടി ഐ മാറുമെന്ന് എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188508/vengara-govtiti)