---
title: "കണ്ണൂരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; നഷ്ടമായത് ഒരുലക്ഷത്തോളം രൂപ"
english_title: "Online fraud again in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186827/online-fraud-again-in-kannur"
published_at: "2024-02-23T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8ad3528788_download_(1).jfif"
keywords: []
---

# കണ്ണൂരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; നഷ്ടമായത് ഒരുലക്ഷത്തോളം രൂപ

> **Lead Summary:** കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ വീണത് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍. വിവിധ സംഭവങ്ങളില്‍ ഒരുലക്ഷത്തോളം രൂപ ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം തട്ടിയെടുത്തതായി കണ്ണൂര്‍ സൈബര്‍ പൊലിസ് അറിയിച്ചു. കഴിഞ്ഞദിവസം കുത്തുപറമ്പ് സ്വദേശിനിയായ യുവതിക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ച പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ചെറിയ വിലക്ക് ഡ്രൈ ഫ്രൂട്ട് വാങ്ങുവാന്‍ ശ്രമിച്ചതുകാരണം44,550 രൂപ നഷ്ടപ്പെട്ടു.

## Article Content

കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ വീണത് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍. വിവിധ സംഭവങ്ങളില്‍ ഒരുലക്ഷത്തോളം രൂപ ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം തട്ടിയെടുത്തതായി കണ്ണൂര്‍ സൈബര്‍ പൊലിസ് അറിയിച്ചു. കഴിഞ്ഞദിവസം കുത്തുപറമ്പ് സ്വദേശിനിയായ യുവതിക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ച പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ചെറിയ വിലക്ക് ഡ്രൈ ഫ്രൂട്ട് വാങ്ങുവാന്‍ ശ്രമിച്ചതുകാരണം44,550 രൂപ നഷ്ടപ്പെട്ടു.

പരസ്യത്തില്‍ ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്യുക വഴി ആധികാരികത ഇല്ലാത്ത വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുകയും സാധനം വാങ്ങുന്നതിനായി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയതു കാരണം പണം നഷ്ടപ്പെടുകയായിരുന്നു. വളപട്ടണം സ്വദേശിയായ യുവാവിന് ഇതിനു സമാനമായ രീതിയില്‍ 50,000 രൂപ നഷ്ടപ്പെട്ടു.ആമസോണില്‍ നിന്നും റീഫണ്ട് തുക ലഭിക്കുന്നതിനായി ഗൂഗിള്‍ സേര്‍ച്ച് വഴി ലഭിച്ച വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിച്ചതില്‍ തട്ടിപ്പുകാര്‍ പരാതിക്കാരന്റെ ഫോണില്‍ എനി ഡസ്‌ക് എന്ന സ്‌ക്രീന്‍ ഷെയര്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈവശപ്പെടുത്തി പണം പിന്‍വലിക്കുകയായിരുന്നു.

സൈബര്‍ പൊലിസിന്റെ ഇടപെടലും പ്രചരണവും ബോധവത്കരണവും നടത്തിവരുന്നതിനിടെയില്‍ ഓണ്‍ ലൈന്‍ തട്ടിപ്പുകേസുകളില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ടെങ്കിലും ഇതിനിടെയിലും പലരും കബളിക്കപ്പെടുന്നുണ്ടെന്ന് കണ്ണൂര്‍ സൈബര്‍ സെല്‍ സി. ഐ സനല്‍കുമാര്‍ അറിയിച്ചു. ഗൂഗിള്‍ സെര്‍ച്ച് വഴി ലഭിക്കുന്ന നമ്പറുകളുടെ ആധികാരികത ഉറപ്പു വരുത്താതെ വിളിക്കുകയോ അജ്ഞാത നമ്പറില്‍ നിന്ന് ആവശ്യപ്പെടുന്നത് പ്രകാരം ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ലിങ്കില്‍ പ്രവേശിച്ച് അക്കൗണ്ട് വിവരങ്ങളോ മറ്റു വ്യക്തിഗത വിവരങ്ങളോ രേഖപ്പെടുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186827/online-fraud-again-in-kannur)