---
title: "അവശ്യ സാധനങ്ങള്‍ക്ക് തീവില; സപ്ലൈക്കോ സൂപ്പർ മാർക്കറ്റിനു മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം"
english_title: "Youth League protests in front of Supplyco Super Market"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185444/youth-league-protests-in-front-of-supplyco-super-market"
published_at: "2024-02-18T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d17e6d85ab8_news-card.jpg"
keywords: []
---

# അവശ്യ സാധനങ്ങള്‍ക്ക് തീവില; സപ്ലൈക്കോ സൂപ്പർ മാർക്കറ്റിനു മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** **തളിപ്പറമ്പ:** സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാരുടെ നടുവൊടിക്കുന്ന തരത്തിൽ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി വില 75 % നിന്നും 35% ആക്കി വെട്ടിച്ചുരുക്കിയ പിണറായി സർക്കാരിൻറെ ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി.

## Article Content

**തളിപ്പറമ്പ:** സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാരുടെ നടുവൊടിക്കുന്ന തരത്തിൽ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി വില 75 % നിന്നും 35% ആക്കി വെട്ടിച്ചുരുക്കിയ പിണറായി സർക്കാരിൻറെ ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സപ്ലൈകോ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന സമരത്തിൻറെ ഭാഗമായാണ് തളിപ്പറമ്പിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സപ്ലൈകോയിലും മാവേലി സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങൾ പലതും ലഭ്യമല്ല, ഇതിനിടയിലാണ് സർക്കാരിന്റെ സാമ്പത്തിക മൂലം പിടിച്ചു നിൽക്കാനാവാത്തതിനാൽ ഉള്ള സാധനങ്ങളുടെ സബ്‌സിഡി വില വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം മന്ത്രി സഭ അനുമതി നൽകിയത്.ഇതിനെ ന്യായീകരിച്ചു ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രസ്ഥാനവന കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നതാണ്.

സർക്കാറിന്റെ ധൂർത്തും കെടുകാര്യസ്ഥതയുടെയും ഭാഗമായി പൊതുവിപണിയിൽ പോലും ഇടപെടാത്തതിനാൽ ഉപ്പുതൊട്ട് കർപ്പൂരം വരെ മുഴുവൻ സാധനങ്ങളുടെയും വില വർധിക്കുകയും, കൂടാതെ നേരത്തെ തന്നെ വെള്ള കരവും വീട്ടുനികുതിയും വൈദ്യുതി ചാർജ് ഉൾപ്പെടെ വർദ്ധിപ്പിക്കുകയും ചെയ്തു സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന നിലപാടുമായാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിനെതിരെയാണ് മുസ്ലിം യൂത്ത് ലീഗ് സപ്ലൈകോ സൂപ്പർമാർക്കറ്റിന് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ ജാഫർ ഓലിയൻ, മുസ്‌ലിം ലീഗ് മുനിസിപ്പൽ ഭാരവാഹികളായ പി എ സിദ്ദീഖ്, പി പി ഇസ്മായിൽ, എം വി ഫാസിൽ, എന്നിവർ സംസാരിച്ചു.

മുനിസിപ്പൽ ജന. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും, ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു. നേരത്തെ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. പ്രകടനത്തിന്ന് മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹികളായ പി എ ഇർഫാൻ, മുഹമ്മദ്‌ അഷറഫ് കെ, ഫിയാസ് അള്ളാംകുളം, എം എസ് എഫ് മുനിസിപ്പൽ ഭാരവാഹികളായ സഫ്‌വാൻ കുറ്റിക്കോൽ, അജ്മൽ പാറാട്, ഇസ്ഹാഖ് എം പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185444/youth-league-protests-in-front-of-supplyco-super-market)