---
title: "കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം ആക്രമസക്തം: പൊലീസ് ലാത്തി വീശി"
english_title: "Locals' protest in Pulpalli with the dead body of Paul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185283/locals-protest-in-pulpalli-with-the-dead-body-of-paul"
published_at: "2024-02-17T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d06e26dece4_Untitled-2-web.jpg"
keywords: []
---

# കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം ആക്രമസക്തം: പൊലീസ് ലാത്തി വീശി

> **Lead Summary:** **കല്‍പ്പറ്റ: **വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. ജനപ്രതിനിധികള്‍ക്കും പൊലീസിനും നേരെ പ്രതിഷേധക്കാര്‍ കസേരയും കുപ്പിയും എറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധക്കാരിലൊരാളുടെ തലപൊട്ടി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായിട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

## Article Content

**കല്‍പ്പറ്റ: **വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. ജനപ്രതിനിധികള്‍ക്കും പൊലീസിനും നേരെ പ്രതിഷേധക്കാര്‍ കസേരയും കുപ്പിയും എറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധക്കാരിലൊരാളുടെ തലപൊട്ടി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായിട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

വനംവകുപ്പിനും പൊലീസിനും എതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് കനത്ത പ്രതിഷേധമാണു നടന്നത്. ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പില്‍ വച്ചു. കേണിച്ചിറയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തില്‍ നാട്ടുകാര്‍ കെട്ടി. ഉന്നയിച്ച ആവശ്യങ്ങളില്‍ ഉറപ്പുലഭിച്ചെങ്കില്‍ മാത്രമേ മൃതദേഹം നഗരത്തില്‍നിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണു പ്രതിഷേധക്കാര്‍.

അതേസമയം, നാട്ടുകാര്‍ അക്രസമരത്തില്‍ നിന്ന് പിന്തിരയണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ സഹകരിക്കണം. സംഘര്‍ഷമുണ്ടായാല്‍ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴിമാറിപ്പോകും. സിസിഎഫിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമെന്ന്് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ നിഷ്‌ക്രിയമായാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ കുടുംബത്തിന് അടിയന്തരമായി പതിനൊന്ന് ലക്ഷം രൂപ സഹായം നല്‍കുമെന്ന് സര്‍വകക്ഷി യോഗം. 40 ലക്ഷം രൂപകൂടി ധനസഹായമായി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പോളിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുട്ടികളുടെ പഠനം, പോളിന്റെ കടബാധ്യത ഏറ്റൈടുക്കാനും തീരുമാനമായി. പുല്‍പ്പള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോത്തിലാണ് തീരുമാനം.

ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങിയത്.

ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ആശുപത്രി ആവശ്യത്തിനായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ഹര്‍ത്താലില്‍ എല്ലാ രീതിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

മൃതദേഹം വിലാപയാത്രയായി പാക്കത്തെ വീട്ടില്‍ എത്തിക്കും. പോളിന്റെ വീടിന് സമീപവും വന്‍ ജനാവലിയാണ് തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ 9.40 ഓടെയാണ് മൃതദേഹം പുല്‍പ്പള്ളിയില്‍ എത്തിച്ചത്. സംസ്‌കാരം വൈകിട്ടു മൂന്നുമണിക്ക് നടക്കും.

പ്രതിഷേധ സാധ്യത കണക്കിലെടുത്തു വയനാട് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ചെറിയമല ജങ്ഷനില്‍ ഡ്യൂട്ടിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകള്‍ക്കു ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പോളിനെ ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചു ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. 20ാം തീയതിയാണ് യോഗം. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരും വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185283/locals-protest-in-pulpalli-with-the-dead-body-of-paul)