---
title: "തളിപ്പറമ്പ താലൂക്കിലെ പട്ടയ-ഭൂപ്രശ്ന പരിഹാരം; അവലോകന യോഗം ചേർന്നു "
english_title: "Pattaya-Taliparamba land dispute resolution in Taliparamba taluk; Review meeting joined"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18294/pattaya-taliparamba-land-dispute-resolution-in-taliparamba-taluk-review-meeting-joined"
published_at: "2021-12-29T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc50ef42dbb_c694eaae-3887-410d-88cd-d3545f734b4a.jpg"
keywords: []
---

# തളിപ്പറമ്പ താലൂക്കിലെ പട്ടയ-ഭൂപ്രശ്ന പരിഹാരം; അവലോകന യോഗം ചേർന്നു 

> **Lead Summary:** തളിപ്പറമ്പ താലൂക്കിലെ പട്ടയ-ഭൂപ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കണമെന്ന് ബഹു.തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകി.

## Article Content

തളിപ്പറമ്പ താലൂക്കിലെ പട്ടയ-ഭൂപ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കണമെന്ന് ബഹു.തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകി.

തളിപ്പറമ്പിലെ പട്ടയ ഭൂ- പ്രശ്നം സംബന്ധിച്ച അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തളിപ്പറമ്പ താലൂക്കിലെ പ്രധാന പട്ടയ-ഭൂപ്രശ്നങ്ങളായ മോറാഴ വില്ലേജിലെ ധർമ്മശാല, കുറുമാത്തൂർ വില്ലേജ്, പരിയാരം വില്ലേജ്,പന്നിയൂർ വില്ലേജ്,പട്ടുവം വില്ലേജ്, മലപ്പട്ടം തുടങ്ങിയ സ്ഥലങ്ങളിലെ പ്രശ്നങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പരിശോദിക്കുകയും , പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു .

പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും തളിപ്പറമ്പ താലൂക്കിൽ ഇല്ല. ഇതിനാവശ്യമായ അടിയന്തിര ഇടപെടൽ നടത്തണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പട്ടയ -ഭൂ പ്രശ്നം പരിഹരിക്കുന്നതിന് ആർ.ഡി.ഒ കൺവീനറായി നാലംഗ കർമ്മ സമിതിക്ക് യോഗം രൂപം നൽകി. ഡെപ്യൂട്ടി കലക്ടർ എൽ ആർ, തഹസിൽദാർ എൽ.ആർ, തളിപ്പറമ്പ തഹസിൽദാർ എന്നിവരടങ്ങുന്നതാണ് കർമ്മ സമിതി.

സമിതി രണ്ടാഴ്ചയിൽ ഒരിക്കൽ യോഗം ചേർന്ന് പ്രശ്ന പരിഹാരം സംബന്ധിച്ച് വിലയിരുത്താൻ മന്ത്രി നിർദ്ദേശം നൽകി. താലൂക്ക് സർവ്വേയർ മുമ്പാകെ കെട്ടികിടക്കുന്ന അപേക്ഷകൾ മാർച്ച് 31 ന് മുമ്പായി തീർപ്പാക്കാൻ യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖരൻ ഐ എ എസ്, എ.ഡി.എം കെ കെ ദിവാകരൻ, ആർ ഡി ഒ ശ്രീമതി മേഴ്സി ഇ പി, ഡെപ്യൂട്ടി കളക്ടർ എൽ ആർ ശ്രുതി കെ.വി, തളിപ്പറമ്പ തഹസിൽദാർ പി.കെ ഭാസ്കരൻ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18294/pattaya-taliparamba-land-dispute-resolution-in-taliparamba-taluk-review-meeting-joined)