---
title: "സംസ്ഥാന ബഡ്ജറ്റ് : വികസനത്തിലൂന്നിയ നിരവധി പദ്ധതികളുമായി തളിപ്പറമ്പ് മണ്ഡലം "
english_title: "Thaliparam constituency with many projects under development"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182316/thaliparam-constituency-with-many-projects-under-development"
published_at: "2024-02-05T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0e59ddea07_Untitled-2-web.jpg"
keywords: []
---

# സംസ്ഥാന ബഡ്ജറ്റ് : വികസനത്തിലൂന്നിയ നിരവധി പദ്ധതികളുമായി തളിപ്പറമ്പ് മണ്ഡലം 

> **Lead Summary:** 2024-25 സംസ്ഥാന ബജറ്റിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിന് 25 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ചു. ടൂറിസം, വ്യവസായം, അടിസ്ഥാന സൗകര്യം, ഹാപ്പിനെസ്സ് ഇൻഡക്സ്, ഭിന്നശേഷി മേഖല തുടങ്ങി സർവ്വ മേഖലാ സ്പർശിയായ ബജറ്റാണിതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ നാടുകാണി സൂ ആൻഡ് സഫാരി പാർക്കിന്റെ പ്രാരംഭ നടപടികൾക്കായി 2 കോടി രൂപ അനുവദിച്ചു. ആകെ 300 കോടി രൂപയുടെ പദ്ധതിയാണിത്.

## Article Content

2024-25 സംസ്ഥാന ബജറ്റിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിന് 25 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ചു. ടൂറിസം, വ്യവസായം, അടിസ്ഥാന സൗകര്യം, ഹാപ്പിനെസ്സ് ഇൻഡക്സ്, ഭിന്നശേഷി മേഖല തുടങ്ങി സർവ്വ മേഖലാ സ്പർശിയായ ബജറ്റാണിതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ നാടുകാണി സൂ ആൻഡ് സഫാരി പാർക്കിന്റെ പ്രാരംഭ നടപടികൾക്കായി 2 കോടി രൂപ അനുവദിച്ചു. ആകെ 300 കോടി രൂപയുടെ പദ്ധതിയാണിത്.

250 ഏക്കറിലായി ഒരുക്കുന്ന പാർക്കിന്റെ സ്ഥലമെറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് ഇപ്പോൾ രണ്ട് കോടി രൂപ അനുവദിച്ചത്. മൂന്ന് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കുമെന്നും എം എൽ എ പറഞ്ഞു. മറ്റു പദ്ധതികൾ നാടുകാണി കിൻഫ്ര പാർക്കിൽ ഡൈയിങ് ആൻഡ് പ്രിന്റിങ് യൂണിറ്റ് - ഒമ്പത് കോടി രൂപ. ആകെ 25.55 കോടി രൂപയുടെ പദ്ധതിയാണിത്. നാടുകാണിയിൽ പത്തേക്കറിലായി ഒരുക്കുന്ന ടെക്സ്റ്റൈൽ ഡൈയിങ് ആൻഡ് പ്രിന്റിംഗ് സെന്റർ കേരളത്തിലെ കൈത്തറി യന്ത്രത്തറി മേഖലകൾക്ക് ഗുണകരമാവും.

പറശ്ശിനിക്കടവ് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് - അഞ്ച് കോടി രൂപ. തീർത്ഥാടന ടൂറിസം അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് വെച്ചത്. പറശ്ശിനിക്കടവ് കേന്ദ്രീകരിച്ചുള്ള ടൂറിസ സാദ്ധ്യതകൾ വിപുലീകരിക്കാനും ഇതിലൂടെ സാധിക്കും. മയ്യിൽ പോലീസ് സ്റ്റേഷൻ 2 കോടി. കഴിഞ്ഞ വർഷമാണ് ഇതിനായുള്ള സ്ഥലം സർക്കാർ അനുവദിച്ചത്. കാഞ്ഞിരോട് റോഡിൽ നിരത്ത് പാലത്തിനു സമീപം പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 40 സെന്റ് പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പിന് കൈമാറിയത്. മയ്യിൽ പോലീസ് സ്റ്റേഷന്റെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമാവുന്നത്.

തളിപ്പറമ്പ് മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിൽ ഹാപ്പിനെസ്സ് പാർക്ക് നിർമ്മിക്കുന്നതിന് 2.5 കോടി രൂപയാണ് അനുവദിച്ചത്. മറ്റു സൗകര്യങ്ങളോടൊപ്പം മാനസിക സന്തോഷത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. കഫെ, വിനോദ പ്രവർത്തങ്ങൾ, കലാപരിപാടികൾക്കായുള്ള വേദി തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കും. വളപട്ടണം പുഴയുടെ തീര സംരക്ഷണത്തിന് ഒരു കോടി രൂപ അനുവദിച്ചു.

നവകേരള സദസ്സിലുയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതിനായി സർക്കാർ തുക അനുവദിച്ചത്. കരയിടിച്ചിൽ രൂക്ഷമായുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണിത്. ഇതിന് പ്രതിവിധിയായി പറശ്ശിനിക്കടവ് പാലം മുതൽ വളപട്ടണം വരെയുള്ള ഭാഗങ്ങളിൽ കരയിടിച്ചിൽ തടയുന്നതിന് വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കും. മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി സമഗ്ര വികസന കേന്ദ്രം ഒരുക്കുന്നതിന് ഒരു കോടി രൂപ. ഭിന്നശേഷി സൗഹൃദം ഉറപ്പ് വരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വിദ്യാഭ്യാസം തൊഴിൽ എന്നിവ നേടാൻ കഴിയാത്ത നിരവധി കുട്ടികൾ മണ്ഡലത്തിലുണ്ട്. അവർക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കി അവരെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വരാൻ ആണ് ശ്രമം. തളിപ്പറമ്പ് നഗര സൗന്ദര്യവൽക്കരണം - 1 കോടി. നഗരത്തിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. ബസ് ബേ, റവന്യു ടവർ തുടങ്ങിയവയും ഒരുക്കുന്നുണ്ട്. ഇതിന് അനുബന്ധമായാണ് നഗര സൗന്ദര്യവൽക്കരണം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പാർക്കിംഗ് സൗകര്യം, ലൈറ്റുകൾ സ്ഥാപിക്കുക, ഡ്രെയിനേജ് നവീകരണം തുടങ്ങിയവ പൂർത്തിയാക്കും.

തളിപ്പറമ്പ് നഗരത്തിൽ ഷീ ലോഡ്ജ് ആൻഡ് വിമൻസ് കോ വർക്കിംഗ് സെന്റർ ഒരുക്കുന്നതിന് ഒരു കോടി രൂപയാണ് അനുവദിച്ചത്. രാത്രി വൈകി നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കും ദൂരങ്ങളിൽ നിന്നെത്തി തളിപ്പറമ്പിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ചുരുങ്ങിയ ചെലവിൽ സുരക്ഷിത താമസം ഒരുക്കി തൊഴിൽ ചെയ്യാനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആന്തൂർ നഗരസഭയിൽ യുവതികൾക്കായി നിർമ്മിക്കുന്ന ഷീ ടർഫിന് 50 ലക്ഷം രൂപ അനുവദിച്ചു.

മണ്ഡലത്തിലെ സ്ത്രീകളുടെ കായികശേഷി വർധിക്കുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഷീ ടർഫ് ഒരുക്കുന്നത്. ടൂറിസം രംഗത്തും വ്യാപാരമേഖലയിലും ജില്ലയുടെ ശ്രദ്ധാ കേന്ദ്രമാക്കി തളിപ്പറമ്പിനെ മാറ്റാന്‍ ഉതകുന്ന പ്രവൃത്തികള്‍ക്കാണ് തുക വകയിരുത്തിയത്. വികസന പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ മണ്ഡലത്തിന്റെ മുഖച്ഛായ മാറുമെന്നും ഇവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182316/thaliparam-constituency-with-many-projects-under-development)