---
title: "ലൈഫ് മിഷൻ പദ്ധതിയിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാൻ 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിൻ ഡിസംബർ 30ന് ഉത്ഘാടനം"
english_title: "'Manasodithiri Mann' campaign launched on December 30 to ensure public participation in Life Mission project"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18181/manasodithiri-mann-campaign-launched-on-december-30-to-ensure-public-participation-in-life-mission-project"
published_at: "2021-12-28T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb2a15ee6c8_news card.jpg"
keywords: []
---

# ലൈഫ് മിഷൻ പദ്ധതിയിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാൻ 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിൻ ഡിസംബർ 30ന് ഉത്ഘാടനം

> **Lead Summary:** ഭൂ-ഭവന രഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തിന് പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ മനസ്സോടിത്തിരി മണ്ണ് എന്ന പേരില്‍ വിപുലമായ ക്യാമ്പയിന്‍ ഡിസംബർ 30ന് ആരംഭിക്കുകയാണ്.

## Article Content

ഭൂ-ഭവന രഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തിന് പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ മനസ്സോടിത്തിരി മണ്ണ് എന്ന പേരില്‍ വിപുലമായ ക്യാമ്പയിന്‍ ഡിസംബർ 30ന് ആരംഭിക്കുകയാണ്.

2021-22 മുതലുള്ള മൂന്ന് വര്‍ഷം കൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂരഹിതര്‍ക്ക് സ്ഥലം ലഭ്യമാക്കുക എന്ന വലിയ ലക്ഷ്യമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രം ഇത് സാധ്യമാക്കാനാവില്ലെന്ന് കണ്ടാണ് പൊതുസമൂഹത്തിന്റെ പങ്കാളം ഉറപ്പിക്കാന്‍ മനസ്സോടിത്തിരി മണ്ണ് എന്ന വിപുലമായ ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

മനസ്സോടിത്തിരി മണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 30 വ്യാഴ്യാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് നിര്‍വ്വഹിക്കും. 1000 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിനായി ഒരാള്‍ക്ക് പരമാവധി 2.5 ലക്ഷം രൂപ എന്ന നിലയില്‍ 25 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാനായി കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ മുന്നോട്ടുവന്നിട്ടുണ്ട്.

നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പ്രവാസിയായ സമീര്‍ പി ബി, അമ്പത് സെന്റ് സ്ഥലം ഇതിനായി വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഈ അനുകരണീയ മാതൃകകള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വേദിയില്‍ വെച്ച് ഭൂരഹിതരെ ചേര്‍ത്തുനിര്‍ത്താന്‍ സന്നദ്ധരായവര്‍ ധാരണാപത്രം കൈമാറും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിനിനോട് മികച്ച രീതിയില്‍ പ്രതികരിക്കുമെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18181/manasodithiri-mann-campaign-launched-on-december-30-to-ensure-public-participation-in-life-mission-project)