---
title: "ചെങ്കൽ വിലവർദ്ധനവിനെതിരെ സമരം വ്യാപിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ, ഇന്ന് പയ്യന്നൂർ ഏരിയയിലേക്കും സമരം"
english_title: "DYFI will extend agitation against Chengal price hike to Payyannur area today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17938/dyfi-will-extend-agitation-against-chengal-price-hike-to-payyannur-area-today"
published_at: "2021-12-27T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c94d59e5124_chenkll.jpg"
keywords: []
---

# ചെങ്കൽ വിലവർദ്ധനവിനെതിരെ സമരം വ്യാപിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ, ഇന്ന് പയ്യന്നൂർ ഏരിയയിലേക്കും സമരം

> **Lead Summary:** **പരിയാരം: **ചെങ്കല്ലിന് ഏകപക്ഷീയമായി വിലകൂട്ടി, സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോറികള്‍ തടഞ്ഞു. ഇന്ന് തിങ്കളാഴ്ച്ച മുതല്‍ സമരം പയ്യന്നൂര്‍ ഏരിയയിലേക്കും വ്യാപിപ്പിക്കുമെന്ന് സി.ഐ.ടി.യു പെരിങ്ങോം ഏരിയാ സെക്രട്ടറി എം.മനോജ് പറഞ്ഞു.

## Article Content

**പരിയാരം: **ചെങ്കല്ലിന് ഏകപക്ഷീയമായി വിലകൂട്ടി, സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോറികള്‍ തടഞ്ഞു. ഇന്ന് തിങ്കളാഴ്ച്ച മുതല്‍ സമരം പയ്യന്നൂര്‍ ഏരിയയിലേക്കും വ്യാപിപ്പിക്കുമെന്ന് സി.ഐ.ടി.യു പെരിങ്ങോം ഏരിയാ സെക്രട്ടറി എം.മനോജ് പറഞ്ഞു.

ചെങ്കല്ല് വിലവര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നേരത്തെ ജില്ലാ കളക്ടര്‍ എ.ഡി.എം, ആര്‍.ഡി.ഒ, ചെങ്കല്‍പണ ഉടമകള്‍, യൂണിയന്‍ പ്രതിനിധികള്‍ എന്നിവരടങ്ങിയ കമ്മറ്റി രൂപീകരിച്ചിരുന്നു.

ഡിസംബര്‍ 15 ന് യോഗം ചേര്‍ന്ന കമ്മറ്റി വിലവര്‍ദ്ധനവില്‍ തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. എന്നാല്‍ പണഉടമകള്‍ ഇതിന് ശേഷം ഏകപക്ഷീയമായി പണയില്‍ രണ്ട് രൂപയും വാഹനത്തിന് രണ്ട് രൂപയും വര്‍ദ്ധിപ്പിക്കുകയായിരുന്നു.

നേരത്തെ കൂട്ടിയ ഒരു രൂപ ഉള്‍പ്പെടെ ഒരു കല്ലിന് 5 രൂപയാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. 1000 കല്ല് വാങ്ങുന്നയാള്‍ക്ക് 5000 രൂപയാണ് അധികമായി ചെലവ് വരുന്നത്. ഈ വര്‍ദ്ധനവ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു. പെരിങ്ങോം ഏരിയയില്‍ ഡി.വൈ.എഫ്.ഐയും സമരരംഗത്താണ്.

ഇന്നലെ മുതല്‍ ഇവര്‍ ചെങ്കല്‍ ലോറികള്‍ തടഞ്ഞുതുടങ്ങിയിട്ടുണ്ട്. ഭാരിച്ച വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇപ്പോള്‍ ഒന്നാംനമ്പര്‍ കല്ലിന് 30 രൂപയും രണ്ടാം നമ്പര്‍ കല്ലിന് 25 രൂപയുമാണ് വില. നാളെ മുതല്‍ പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ചെങ്കല്‍ലോറികള്‍ തടയാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17938/dyfi-will-extend-agitation-against-chengal-price-hike-to-payyannur-area-today)