---
title: "മുഖ്യധാരാ ചിത്രങ്ങള്‍ക്കുള്ള സ്വീകാര്യത സമാന്തര സിനിമകള്‍ക്കും ലഭിക്കണം:ഓപ്പണ്‍ ഫോറം"
english_title: "open forum"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178755/open-forum"
published_at: "2024-01-22T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae9b718d2ad_news-card.jpg"
keywords: []
---

# മുഖ്യധാരാ ചിത്രങ്ങള്‍ക്കുള്ള സ്വീകാര്യത സമാന്തര സിനിമകള്‍ക്കും ലഭിക്കണം:ഓപ്പണ്‍ ഫോറം

> **Lead Summary:** **തളിപ്പറമ്പ്: **മുഖ്യധാരാ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും പരിഗണനയും സമാന്തര സിനിമകള്‍ക്കും ലഭിക്കണമെന്ന പ്രഖ്യാപനവുമായി ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഓപ്പണ്‍ ഫോറം. തളിപ്പറമ്പ് ക്ലാസിക് തീയറ്ററില്‍ നടന്ന പരിപാടി നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **മുഖ്യധാരാ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും പരിഗണനയും സമാന്തര സിനിമകള്‍ക്കും ലഭിക്കണമെന്ന പ്രഖ്യാപനവുമായി ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഓപ്പണ്‍ ഫോറം. തളിപ്പറമ്പ് ക്ലാസിക് തീയറ്ററില്‍ നടന്ന പരിപാടി നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.

സംവിധായകരായ മനോജ് കാന, ശ്രുതി ശരണ്യം, വിഘ്‌നേഷ് .പി. ശശിധരന്‍, സുനില്‍ മാലൂര്‍, എഴുത്തുകാരന്‍ അര്‍ജുന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവര്‍ പങ്കെടുത്തു.എഴുത്തുകാരന്‍ പി. കെ സുരേന്ദ്രന്‍ മോഡറേറ്ററായി.സമാന്തര സിനിമയുടെ പ്രദര്‍ശന വിപണന സാധ്യതകള്‍' എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം നടന്നത്.നവാഗത സംവിധായകര്‍ക്ക് കലാമൂല്യമുള്ള സിനിമ ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ 'സ്ത്രീകളുടെ സിനിമ' എന്ന പദ്ധതിയുള്ളതിനാലാണ് തനിക്കതിന് സാധിച്ചതെന്നും ശ്രുതി ശരണ്യം പറഞ്ഞു.

പത്ത് പേരെങ്കിലും ഉണ്ടെങ്കിലേ തീയറ്റര്‍ ഉടമകള്‍ക്ക് സിനിമ പ്രദര്‍ശിപ്പിക്കാനാകുവെന്നും മികച്ച ചിത്രങ്ങള്‍ക്ക് ആളുകള്‍ കുറയുന്നത് അവബോധം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കാത്തത് കൊണ്ടാണെന്നും മനോജ് കാന അഭിപ്രായപ്പെട്ടു. താന്‍ ചെയ്ത രണ്ട് സിനിമകളും ഫിലിം ഫെസ്റ്റിവലുകളില്‍ ഇടം പിടിച്ചിരുന്നെങ്കിലും കച്ചവടം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് വിഘ്‌നേഷ് .പി. ശശിധരന്‍ പറഞ്ഞു.കച്ചവട താല്‍പ്പര്യത്തിനായി നിര്‍മ്മാതാക്കളോട് സമരസപ്പെടുന്ന രീതി മാറി കലാമൂല്യമുള്ള സിനിമകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് സാധിക്കണമെന്നായിരുന്നു സുനില്‍ മാലൂരിന്റെ അഭിപ്രായം. അവഗണിക്കപ്പെടുന്ന സിനിമകള്‍ക്ക് വേദിയൊരുക്കാനും അതിനുള്ള സാമൂഹ്യ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സാധിക്കണമെന്നും അദ്ദേഹം പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178755/open-forum)