---
title: "കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലിസിനെ അക്രമിച്ചു; സി.ഐ അടക്കം 5 പൊലിസുകാര്‍ക്ക് പരുക്ക്, ജീപ്പ് കത്തിച്ചു"
english_title: "attack-by-other-state-workers-at-kizhakkambalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17837/attack-by-other-state-workers-at-kizhakkambalam"
published_at: "2021-12-26T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c821ef06a10_gold-Recovered.jpg"
keywords: []
---

# കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലിസിനെ അക്രമിച്ചു; സി.ഐ അടക്കം 5 പൊലിസുകാര്‍ക്ക് പരുക്ക്, ജീപ്പ് കത്തിച്ചു

> **Lead Summary:** കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികള്‍ പൊലിസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പൊലിസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവര്‍ ആക്രമിച്ചത്. ഇന്‍സ്‌പെക്ടറടക്കം അഞ്ച് പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

## Article Content

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികള്‍ പൊലിസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പൊലിസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവര്‍ ആക്രമിച്ചത്. ഇന്‍സ്‌പെക്ടറടക്കം അഞ്ച് പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യംപില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നാണ് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും പൊലിസ് ഉദ്യേഗസ്ഥരെത്തിയത്. ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് സംഭവമന്വേഷിക്കാനായെത്തിയ പൊലിസുകാര്‍ക്കുനേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

പൊലിസെത്തിയ വാഹനം തൊഴിലാളികള്‍ അടിച്ചുതകര്‍ത്തു. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. കുന്നത്തുനാട് പൊലിസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ അഗ്നിക്കിരയാക്കി.

കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലിസുകാര്‍ക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ നാല് മണിയോടെ ആലുവ റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തിയാണ് ക്യാമ്പിനുള്ളില്‍ കയറി തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. 150 ഓളം പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17837/attack-by-other-state-workers-at-kizhakkambalam)