---
title: "മൊബൈൽഷോപ്പിൻ്റെ ഷട്ടർ പൂട്ട് തകർത്ത് മോഷണം: പ്രതിക്കായി പയ്യന്നൂർ പൊലീസ് ആന്ദ്രപ്രദേശിലെത്തി"
english_title: "Theft by breaking the shutter lock of the mobileshop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177016/theft-by-breaking-the-shutter-lock-of-the-mobileshop"
published_at: "2024-01-15T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a55e69572ec_images.jfif"
keywords: []
---

# മൊബൈൽഷോപ്പിൻ്റെ ഷട്ടർ പൂട്ട് തകർത്ത് മോഷണം: പ്രതിക്കായി പയ്യന്നൂർ പൊലീസ് ആന്ദ്രപ്രദേശിലെത്തി

> **Lead Summary:** **പയ്യന്നൂര്‍: **പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ മൊബൈൽഷോപ്പിൻ്റെ ഷട്ടറിൻ്റെ പൂട്ട് മുറിച്ച് പണവും മൊബൈൽഫോണുകളും കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവിനെ കണ്ടെത്താൻ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസും സംഘവും ആന്ധ്രപ്രദേശിലെത്തി പ്രതിക്കായി തെരച്ചിൽ തുടങ്ങി.

## Article Content

**പയ്യന്നൂര്‍: **പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ മൊബൈൽഷോപ്പിൻ്റെ ഷട്ടറിൻ്റെ പൂട്ട് മുറിച്ച് പണവും മൊബൈൽഫോണുകളും കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവിനെ കണ്ടെത്താൻ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസും സംഘവും ആന്ധ്രപ്രദേശിലെത്തി പ്രതിക്കായി തെരച്ചിൽ തുടങ്ങി.

കർണ്ണാടക ബൽത്തങ്ങാടി സ്വദേശിയായ യുവാവാണ് മോഷണത്തിന് പിന്നിലെന്ന് സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ നിന്നും ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയ വിരലടയാള ങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിരുന്നു.വയനാട്ടിൽ മാനന്തവാടിയിലും ഇരിട്ടി, പേരാവൂർ, തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലും സമാനമായ രീതിയിൽ ഇയാൾ കവർച്ച നടത്തിയിട്ടുണ്ട്. ഈ കേസുകളിലൊന്നും ഇയാളെ പിടികൂടാനായിട്ടില്ല.

പയ്യന്നൂർ പഴയ ബസ്‌സ്റ്റാന്റ് പരിസരത്തെ കോറോം ചാലക്കോട് സ്വദേശി ടി. പി. കെ. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ സോണിൽ ഇക്കഴിഞ്ഞ നവമ്പർ 17 ന് രാത്രിയിലാണ് കവർച്ച നടത്തിയത്. ഷട്ടറിൻ്റെ പൂട്ട് തകർത്ത പ്രതി അകത്ത് കടന്ന് ക്യാബിനിലെ മേശയിൽ സൂക്ഷിച്ച70,000 രൂപയും മൊബൈൽ ഫോണുകളുമാണ് കവർന്നത്.തുടർന്ന് തീവണ്ടി മാർഗം രക്ഷപ്പെടുകയായിരുന്നു. പിന്നീട് മലപ്പുറം കൊണ്ടോട്ടിയിലെ എൻ.സുലൈമാൻ്റെ ഉടമസ്ഥതയിലുള്ള ഫോൺ ഹബ്ബിൽ നവമ്പർ 30 ന് പുലർച്ചെ ഒരു മണിക്കും മൂന്ന് മണിക്കുമിടയിൽ കവർച്ച നടത്തി.

ഷട്ടറിൻ്റെ പൂട്ട് തകർത്ത മോഷ്ടാവ് അഞ്ച് ലക്ഷത്തോളം രൂപ വില വിരുന്ന മൊബൈൽ ഫോണുകൾ കവർന്ന് രക്ഷപ്പെട്ടു.പരാതിയിൽ കേസെടുത്ത കൊണ്ടോട്ടി പോലീസ് എസ്.ഐ. ഫാസിൽ റഹ്മാന്റെ നേതൃത്വത്തിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കർണ്ണാടകയിലേക്ക് കടന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കർണ്ണാടക പോലീസിന്റെ സഹായത്തോടെ ഇയാളുടെ താമസസ്ഥലമായ ബൽത്തങ്ങാടിയിലും ബാംഗ്ലൂരിലുംമറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആന്ധ്രപ്രദേശിൽ മൊബൈൽ ടവർ ലൊക്കേഷൻ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആന്ധ്രപ്രദേശിലെ ഗോദാവരിയിൽ എത്തിയെങ്കിലും പ്രതി മൊബൈൽ ഫോൺസിച്ച് ഓഫാക്കി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തെരച്ചിൽ അവസാനിപ്പിച്ച് പോലീസ് സംഘം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കർണ്ണാടകയിൽ നിരവധി മോഷണ കേസുകൾ നിലവിലുളള ഹരീഷ് എന്ന വിളിപേരുള്ള അന്തർ സംസ്ഥാന മോഷ്ടാവിന് കേരളത്തിൽ ചിലയിടങ്ങളിൽ കൂട്ടാളികൾ ഉള്ളതായി കൊണ്ടോട്ടി പോലീസിന് വിവരം ലഭിച്ചിരുന്നു. അത്തരക്കാർ വഴിയാണ് മോഷണമുതലുകൾ കൈമാറുന്നതെന്ന് സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു പയ്യന്നൂരിലെ മൊബൈൽ ഷോപ്പിൽ നിന്നും ഫോറൻസിക് വിഭാഗത്തിന് 22 വിരലയാളങ്ങൾ ലഭിച്ചിരുന്നു.

ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മോഷണത്തിന് പിന്നിൽ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് കർണ്ണാടക ബൽത്തങ്ങാടിയിലെ ഹരീഷ് ആണെന്ന് തിരിച്ചറിഞ്ഞത്.കൈക്കും കാലിനും സ്വാധീന കുറവുള്ള മോഷ്ടാവിൻ്റെ ഫോട്ടോയും പോലീസിന് ലഭിച്ചിരുന്നു. ആന്ധ്ര, കർണ്ണാടക പോലീസിൻ്റെ സഹായത്തോടെ മോഷ്ടാവിനെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പയ്യന്നൂർ പോലീസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177016/theft-by-breaking-the-shutter-lock-of-the-mobileshop)