---
title: "ഹൈറിച്ച് ഓൺലൈൻ തട്ടിപ്പിനെതിരെ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു "
english_title: "Police submit investigation report against Heirich online scam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176621/police-submit-investigation-report-against-heirich-online-scam"
published_at: "2024-01-13T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2bd143eb98_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# ഹൈറിച്ച് ഓൺലൈൻ തട്ടിപ്പിനെതിരെ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു 

> **Lead Summary:** **പയ്യന്നൂർ:** തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരേയുള്ള കേസില്‍ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തൃശൂര്‍ മൂന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് സ്റ്റേഷൻ എസ്‌ഐ ശ്രീലാലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍ ഐപിഎസ് ഓഫീസറായ പി.എ.വത്സന്‍ കോടതി മുഖേന നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളുടെ അന്തിമ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

## Article Content

**പയ്യന്നൂർ:** തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരേയുള്ള കേസില്‍ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തൃശൂര്‍ മൂന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് സ്റ്റേഷൻ എസ്‌ഐ ശ്രീലാലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍ ഐപിഎസ് ഓഫീസറായ പി.എ.വത്സന്‍ കോടതി മുഖേന നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളുടെ അന്തിമ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവില്‍ കുറഞ്ഞത് 1,630 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊള്ളാച്ചിയിലെ അനശ്വര ട്രേഡേഴ്‌സ്, നിധി ലിമിറ്റഡ്, കോടാലിയിലെ ഫാംസിറ്റി, ഒടിടി പ്ലാറ്റ്‌ഫോം, വിദേശരാജ്യങ്ങളിലെ 80 പ്രദേശങ്ങളിലുള്‍പ്പെടെ നടത്തുന്ന ക്രിപ്‌റ്റോ കറന്‍സിയിടപാടുകള്‍ എന്നിവയെപ്പറ്റിയെല്ലാം റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

കമ്പനിയുടെ മൂന്നുവര്‍ഷത്തെ ടേണ്‍ ഓവര്‍ കണക്കുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. മോഹ വാഗ്ദാനം നല്‍കി മാസം ഒരുലക്ഷത്തോളം രൂപ സമ്പാദിക്കുന്ന ഏജന്റിന്റെ മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചു. കമ്പനിയുടെ എച്ച്.ആർ ഒടിടിയിലെ കള്ളത്തരം പുറത്തുകൊണ്ടുവരുവാനും അന്വേഷണത്തിലൂടെ സാധിച്ചു. ഒടിടിയില്‍ 12,39,169 പേര്‍ അംഗങ്ങളായുണ്ട് എന്നായിരുന്നു പ്രചരണം. എന്നാല്‍ പതിനായിരം പേരാണ് ഒടിടി കണ്ടതെന്നും മൂന്ന് സിനിമകളാണ് റിലീസ് ചെയ്തതെന്നും അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല എന്ന് ജില്ല ഡെപ്യൂട്ടി റജിസ്ട്രാറും കമ്പനിയുടേയും ഉടമകളുടേയും പേരില്‍ സ്വത്തുവകകളില്ലായെന്ന് കണിമംഗലം, വല്ലച്ചിറ വില്ലേജ് ഓഫീസര്‍മാരും സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഇതുവരെയുണ്ടായിരുന്ന ഡാറ്റകള്‍ പകര്‍ത്തിയിട്ടുണ്ട്. വിവിധ ബാങ്കുകളില്‍നിന്നും ശേഖരിച്ച സാമ്പത്തിക ഇടപാടുകളുടെ കണക്കുകള്‍ സഹിതമാണ് റിപ്പോര്‍ട്ട്. കൂടാതെ ഡെപ്പോസിറ്റ് സ്വീകരിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചതായും വാഹന വിവരങ്ങള്‍ അറിയുന്നതിന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

കഴിഞ്ഞ മാസം ഏഴിന് പ്രതിസ്ഥാനത്തുള്ള കമ്പനിയുടേയും ഉടമകളുടേയും സ്വത്തുവകകള്‍ മരവിപ്പിച്ചതായി ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുന്നതിന് ഗൂഗിള്‍ പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്ന ശുപാര്‍ശയുമുണ്ട്. ക്രിപ്‌റ്റോ കറന്‍സിയുള്‍പ്പെടെയുള്ള ഇടപാടുകള്‍ ഉള്ളതിനാല്‍ കുറ്റകൃത്യത്തിന്റെ വ്യക്തത വരുത്തുന്നതിന് സിബിഐ, എൻഫോഴ്സ്മെൻ്റ് ഡയരക്ട്രേറ്റ്, ക്രൈംബ്രാഞ്ച് എന്നിവരുടെ സഹായം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഇതോടെ ഹൈറിച്ച് ലാഭവാഗ്ദാന കമ്പനിയുടെ പൊയ്മുഖം വെളിപ്പെട്ടിരിക്കുകയാണ് നിക്ഷേപകരാകട്ടെ ആശങ്കയിലുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176621/police-submit-investigation-report-against-heirich-online-scam)