---
title: "ശബരിമലയിൽ വൻ തിരക്ക്; ക്യൂ അപ്പാച്ചിമേടുവരെ നീളുന്നു"
english_title: "Huge crowd at Sabarimala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174986/huge-crowd-at-sabarimala"
published_at: "2024-01-06T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659914d0ef310_Untitled-2-web.jpg"
keywords: []
---

# ശബരിമലയിൽ വൻ തിരക്ക്; ക്യൂ അപ്പാച്ചിമേടുവരെ നീളുന്നു

> **Lead Summary:** **ശബരിമല: **അയ്യപ്പദർശനത്തിനായി ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്നു. ഇന്നലെ എൺപതിനായിരത്തോളം തീർഥാടകർ ദർശനത്തിനായെത്തി. പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ തീർഥാടകരുടെ നിര അപ്പാച്ചിമേടുവരെ നീണ്ടു. പമ്പയിലടക്കം പലയിടത്തും തീർഥാടകരെ തടഞ്ഞാണ് പോലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടത്.പമ്പയിൽ മണിക്കൂറോളം തീർഥാടകരെ തടയുന്ന സാഹചര്യമുണ്ടായി. ഇത് പോലീസും തീർഥാടകരും തമ്മിൽ തർക്കത്തിനിടയാക്കി. പമ്പ മണപ്പുറം, ഗണപതികോവിലിനു സമീപം തുടങ്ങിയ ഇടങ്ങളിലാണ് തീർഥാടകരെ തടഞ്ഞത്. മണിക്കൂറോളം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടായതോടെ കുട്ടികൾ അടക്കമുള്ളവർ തീർത്തും ക്ഷീണിതരായി. സമാന സാഹചര്യമായിരുന്നു അപ്പാച്ചിമേട് മുതൽ നടപ്പന്തൽ വരെ ഉണ്ടായിരുന്നത്. ശരംകുത്തി മുതൽ നടപ്പന്തൽ വരെയുള്ള ക്യൂവിൽ അഞ്ച് മണിക്കൂറിലധികമാണ് തീർഥാടകർ കാത്തുനിൽക്കേണ്ടിവന്നത്. ഇതിനിടെ, ഉച്ചയ്ക്ക് നട അടച്ചതിനുശേഷം ക്യൂവിൽ തീർഥാടകർ തിക്കിത്തിരക്കിയത് അപകട സാധ്യത സൃഷ്ടിച്ചു. നടപ്പന്തലിനോട് ചേർന്നുള്ള ഭാഗത്താണ് സംഭവമുണ്ടായത്.

## Article Content

**ശബരിമല: **അയ്യപ്പദർശനത്തിനായി ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്നു. ഇന്നലെ എൺപതിനായിരത്തോളം തീർഥാടകർ ദർശനത്തിനായെത്തി. പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ തീർഥാടകരുടെ നിര അപ്പാച്ചിമേടുവരെ നീണ്ടു. പമ്പയിലടക്കം പലയിടത്തും തീർഥാടകരെ തടഞ്ഞാണ് പോലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടത്.പമ്പയിൽ മണിക്കൂറോളം തീർഥാടകരെ തടയുന്ന സാഹചര്യമുണ്ടായി. ഇത് പോലീസും തീർഥാടകരും തമ്മിൽ തർക്കത്തിനിടയാക്കി. പമ്പ മണപ്പുറം, ഗണപതികോവിലിനു സമീപം തുടങ്ങിയ ഇടങ്ങളിലാണ് തീർഥാടകരെ തടഞ്ഞത്. മണിക്കൂറോളം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടായതോടെ കുട്ടികൾ അടക്കമുള്ളവർ തീർത്തും ക്ഷീണിതരായി. സമാന സാഹചര്യമായിരുന്നു അപ്പാച്ചിമേട് മുതൽ നടപ്പന്തൽ വരെ ഉണ്ടായിരുന്നത്. ശരംകുത്തി മുതൽ നടപ്പന്തൽ വരെയുള്ള ക്യൂവിൽ അഞ്ച് മണിക്കൂറിലധികമാണ് തീർഥാടകർ കാത്തുനിൽക്കേണ്ടിവന്നത്. ഇതിനിടെ, ഉച്ചയ്ക്ക് നട അടച്ചതിനുശേഷം ക്യൂവിൽ തീർഥാടകർ തിക്കിത്തിരക്കിയത് അപകട സാധ്യത സൃഷ്ടിച്ചു. നടപ്പന്തലിനോട് ചേർന്നുള്ള ഭാഗത്താണ് സംഭവമുണ്ടായത്.

സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും കേന്ദ്രസേനയുടെ ഉദ്യോഗസ്ഥരും ചേർന്ന് തീർഥാടകരെ വലിച്ചു പുറത്തേക്കുമാറ്റി. ഞെങ്ങി ഞെരുങ്ങിയതോടെ ചില തീർഥാടകർ കുട്ടികളെയുമെടുത്ത് സമീപത്തെ ആയുർവേദ ആശുപത്രിയുടെ മുകളിലേക്ക് കയറുകയായിരുന്നു.

ശരംകുത്തി മുതൽ താഴെവരെ സമാനസ്ഥിതിയായിരുന്നു. നട അടച്ചതോടെ ഇരിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ തീർഥാടകർക്ക് നിൽക്കേണ്ടിവന്നു. കുത്തനെ ഇറക്കമുള്ള യൂ ടേൺ ഭാഗത്ത് തീർഥാടകർ ഞെങ്ങി ഞെരുങ്ങിയാണ് നിൽക്കുന്നത്. നടപ്പന്തലിലും വലിയ തിരക്കുണ്ട്. കുടിവെള്ളം കൊടുക്കുന്നതിനായി മധ്യഭാഗത്തെ വരി ഒഴിച്ചിട്ടത് തീർഥാടകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.

അതേസമയം, ശരംകുത്തി മുതൽ നടപ്പന്തലിന് തൊട്ടടുത്തുവരെയുള്ള ഭാഗത്ത് ഇപ്പോഴും കൃത്യമായി വെള്ളം കിട്ടുന്നില്ല. അപകടഭീഷണി സൃഷ്ടിച്ച് ട്രാക്ടറുകൾ തിരക്കിനിടയിലൂടെ ട്രാക്ടർ ഓടിക്കുന്നത് തീർഥാടകർക്ക് വലിയ അപകട ഭീഷണിയാകുന്നുണ്ട്. കൊപ്രാക്കളത്തിലൂടെ പോകേണ്ട ട്രാക്ടർ മിക്കപ്പോഴും നടപ്പന്തലിലൂടെയാണ് പോകുന്നത്.

അതിനിടെ, കഴിഞ്ഞദിവസം രാത്രി പോലീസിന്റെ ട്രാക്ടർ വനംവകുപ്പിന്റെ ബംഗ്ലാവിന്റെ ഭിത്തിയിലിടിച്ചു. നട അടച്ചിരുന്ന സമയമായതിനാൽ ഈ വഴി തീർഥാടകർ ഉണ്ടായിരുന്നില്ല. അരവണ വിതരണത്തിലെ പ്രതിസന്ധിക്ക് മാറ്റമില്ല ആറുദിവസമായിട്ടും അരവണ വിതരണത്തിലെ പ്രതിസന്ധി നീങ്ങിയില്ല.

ഇന്നലെ പതിനെട്ടാംപടിക്ക് സമീപത്തുള്ള കൗണ്ടറിലും, മാളികപ്പുറത്തിനു സമീപത്തെ കൗണ്ടറിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ട് ടിൻ അരവണമാത്രമാണ് തീർഥാടകർക്ക് ഇപ്പോഴും നൽകുന്നത്. കൂടുതൽ അരവണ കിട്ടാത്തതിനെച്ചൊല്ലി കൗണ്ടറിന് മുന്നിൽ ജീവനക്കാരുമായി വാക്കേറ്റവും തർക്കവും പതിവാകുകയാണ്. അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വിൽപ്പനയിൽ കുത്തനെ ഇടിവുവന്നിട്ടുണ്ട്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174986/huge-crowd-at-sabarimala)