---
title: "ധർമശാലയെ ഉത്സവ ലഹരിയിൽ ആറാടിച്ച ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് കൊടിയിറങ്ങി"
english_title: "happiness festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173725/happiness-festival"
published_at: "2024-01-01T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592376acfc44_news-card.jpg"
keywords: []
---

# ധർമശാലയെ ഉത്സവ ലഹരിയിൽ ആറാടിച്ച ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് കൊടിയിറങ്ങി

> **Lead Summary:** **കണ്ണൂർ : **സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും വർണ്ണാഭമായ രാപകലുകൾ സമ്മാനിച്ച്, ധർമശാലയെ ഉത്സവ ലഹരിയിൽ ആറാടിച്ച ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് കൊടിയിറങ്ങി.സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങളെ ഹാപ്പിനസിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന പരിപാടിയായി തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവൽ മാറിയെന്നും അനുകരണീയമായ ഈ ഫെസ്റ്റിവൽ മറ്റുള്ളവർക്കും പ്രചോദനമായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ : **സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും വർണ്ണാഭമായ രാപകലുകൾ സമ്മാനിച്ച്, ധർമശാലയെ ഉത്സവ ലഹരിയിൽ ആറാടിച്ച ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് കൊടിയിറങ്ങി.സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങളെ ഹാപ്പിനസിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന പരിപാടിയായി തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവൽ മാറിയെന്നും അനുകരണീയമായ ഈ ഫെസ്റ്റിവൽ മറ്റുള്ളവർക്കും പ്രചോദനമായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലയിലും സന്തോഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. എല്ലാ മേഖലയിലും പൂർണ്ണമായില്ലെങ്കിലും വിവിധ മേഖലകളിൽ പൂർണ്ണമാക്കാൻ സാധിച്ചിട്ടുണ്ട്. ഒരു പ്രദേശം കേന്ദ്രീകരിച്ചല്ല കേരളത്തിൽ വികസനം നടപ്പിലാക്കുന്നത്. പിന്നോക്ക വിഭാഗങ്ങളിൽ വരെ വികസനത്തിൻ്റെ സ്വാദ് എത്തിക്കും. 2025 നവംബർ 1 ഓടെ കേരളത്തിലെ അതിദാരിദ്ര്യം തുടച്ചു മാറ്റും. ഹാപ്പിനസിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ലോകമുള്ളത്.

രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക വികസന നയങ്ങൾ അതേപോലെ തന്നെ നടപ്പാക്കുകയല്ല കേരളം ചെയ്യുന്നത്. ഇവിടെ നടപ്പിലാക്കിയ ബദൽ നയങ്ങളാണ് കേരളത്തിനെ ലോകത്തിൻ്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയത്. കേരളീയം പരിപാടി പോലെ തന്നെ നാടിൻ്റെ വികസനം എങ്ങിനെ വേണം എന്ന ചർച്ചകൾ ഹാപ്പിനസ് ഫെസ്റ്റിവലിൻ്റെ ഭാഗമായി നടത്താൻ സാധിച്ചു.

ആളുകളെ ഹാപ്പിനസിനെ കുറിച്ച് ഓർമ്മിപ്പിക്കുന്ന പരിപാടിയായി മാറിയ ഹാപ്പിനസ് ഫെസ്റ്റിവൽ മറ്റുള്ളവർക്കും പ്രചോദനമായി മാറട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉപഹാര വിതരണം നടത്തി. പ്രശസ്ത സിനിമാ താരം സിജു വിൽസൺ മുഖ്യാതിഥിയായി. കെ.വി സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, കണ്ണൂർ റൂറൽ എസ്.പി എം.ഹേമലത,കെ. സന്തോഷ്,എ. നിഷാന്ത് ത്ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173725/happiness-festival)