---
title: "പിടി തോമസ്  എംഎല്‍എ അന്തരിച്ചു"
english_title: "PT Thomas MLA passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17282/pt-thomas-mla-passes-away"
published_at: "2021-12-22T11:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2b9c146282_pt_thomas.jpg"
keywords: []
---

# പിടി തോമസ്  എംഎല്‍എ അന്തരിച്ചു

> **Lead Summary:** **കൊച്ചി: **തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു.

## Article Content

**കൊച്ചി: **തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു.

അര്‍ബുദ ബാധിതനായ തോമസ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രാവിലെ 10.15 നായിരുന്നു അന്ത്യം.

തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായി. ഇടുക്കി
യെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. വീക്ഷണം എഡിറ്ററായും മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും ' മകനായി 1950 ഡിസംബർ 12 ന് ജനിച്ചു.

തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി.

1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോ‍ർട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം ഉറച്ചുനിന്നു.

കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. ‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17282/pt-thomas-mla-passes-away)