---
title: "കണ്ണപുരം പൂമാലക്കാവ് കഴകം പാട്ടും കളിയാട്ട മഹോത്സവവും 21 മുതൽ 26 വരെ"
english_title: "Kannapuram Poomalakkao Kazhakam Patt and Kaliyatta Mahotsav from 21st to 26th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170749/kannapuram-poomalakkao-kazhakam-patt-and-kaliyatta-mahotsav-from-21st-to-26th"
published_at: "2023-12-20T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65829e7536ca7_news-card.jpg"
keywords: []
---

# കണ്ണപുരം പൂമാലക്കാവ് കഴകം പാട്ടും കളിയാട്ട മഹോത്സവവും 21 മുതൽ 26 വരെ

> **Lead Summary:** **പഴയങ്ങാടി : **കണ്ണപുരം പൂമാലക്കാവ് കഴകം പാട്ടും കളിയാട്ട മഹോത്സവവും 21 മുതൽ 26 വരെനടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. കണ്ണപുരം പൂമാല കാവിലെ പാട്ടും കളിയാട്ട മഹോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കണ്ണപുരം ദേശക്കാർ.

## Article Content

**പഴയങ്ങാടി : **കണ്ണപുരം പൂമാലക്കാവ് കഴകം പാട്ടും കളിയാട്ട മഹോത്സവവും 21 മുതൽ 26 വരെനടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. കണ്ണപുരം പൂമാല കാവിലെ പാട്ടും കളിയാട്ട മഹോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കണ്ണപുരം ദേശക്കാർ.

21 ന് വൈകീട്ട് ആറ് മണിക്ക് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ട് വരൽ. ഏഴിന് കണികളുടെ കുട വെപ്പ്. 22 ന് വൈകീട്ട് ആറിന് തുടങ്ങൽ അടിയന്തിരവും പാട്ടും വേലയും. 23 മുതൽ 25 വരെ രാത്രി ഏഴിന് ശ്രീ പൂമാലയും ശ്രീ കൂർമ്പയും കൂടിയ വിതാനം കൈയേൽക്കൽ. രാത്രി 11 ന് ശ്രീ പൂമാലയും ശ്രീ കൂർമ്പയും കൂടിയ വിതാനം തറിക്കൽ, മരക്കലപ്പാട്ടും പെരുങ്കൊട്ടും. 25 ന് വൈകീട്ട് ഏഴ് മുതൽ പൂമാരുതൻ ദൈവം വെള്ളാട്ടം, ചാമുണ്ഡി, ഗുളികൻ തോറ്റങ്ങളും അന്തിക്കോലവും.

രാത്രി 10 ന് ചാമുണ്ഡി തോറ്റം, കാരങ്കാവിൽ തൊഴുത് വരവ്. 26 ന് രാവിലെ കുറത്തിയമ്മയുടെ പുറപ്പാടും നാടുവലം വെക്കലും. 11 മണി മുതൽ പൂമാരുതൻ ദൈവം, മടയിൽ ചാമുണ്ഡി, ഗുളികൻ , കുണ്ടേറുചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്‌ , ഉച്ചക്ക് 12 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് ആറിന് പാടിയോട്ട് ചാൽ കുമാരൻ പൂക്കണികളുടെ നേതൃത്വത്തിൽ അപ്രദക്ഷിണാധിഷ്ഠിത കളത്തിലരി എന്നിവയോടെ സമാപനം.

മാധ്യമ സമ്മേളനത്തിൽ ഊരാള സഭാ മാനേജിങ്ങ് ട്രസ്റ്റി രക്ഷാധികാരി ഗംഗാധരൻ ഡി അരുവിരുത്തി, കമ്മിറ്റി രക്ഷാധികാരികളായ കെ.വി.കുഞ്ഞിക്കോരൻ, എ.വി. വത്സൻ , മനോഹരൻ പഞ്ചിക്കീൽ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. വേണുഗോപാലൻ, വൈസ് പ്രസിഡന്റ് എൻ.ഗോപാലൻ, സെക്രട്ടരി എം.കെ. ധനേഷ്, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170749/kannapuram-poomalakkao-kazhakam-patt-and-kaliyatta-mahotsav-from-21st-to-26th)